സംസ്ഥാനത്ത് വ്യാപക കള്ളവോട്ട് ആരോപണം; ചില ബൂത്തുകളിൽ സംഘർഷം
കോഴിക്കോട്/തൃശൂർ/ പാലക്കാട്/ കാഞ്ഞിരപ്പള്ളി: മികച്ച പോളിങ് ശതമാനത്തിനിടയിലും സംസ്ഥാനത്തെ പല ബൂത്തുകളിലും കള്ളവോട്ട് ആരോപണവും ഉയർന്നു. കോഴിക്കോട് ബാലുശ്ശേരി മണ്ഡലം പൂനൂർ ജി.എം.എൽ.പി സ്‌കൂൾ 216 നമ്പർ ബൂത്തിൽ വോട്ടുചെയ്യാനെത്തിയ ഫാത്തിമ ഹിബ എന്ന ആളുടെ വോട്ട് നേരത്തെ ആരോ ചെയ്തതിനെ തുടർന്ന് ആശയക്കുഴപ്പമുണ്ടായി. ഏറെ നേരം കാത്തിരുന്ന ശേഷം പ്രിസൈഡിങ് ഓഫിസർ ടെൻഡർ വോട്ടുചെയ്യാൻ അനുമതി നൽകി. കുറ്റ്യാടിയിലും കള്ളവോട്ട് ആരോപണം ഉയർന്നു. ആയഞ്ചേരിയിലെ 47ാം ബൂത്ത് റഹ്‌മാനിയ സ്‌കൂളിൽ എത്തിയ സീനത്തിനാണ് ദുരനുഭവം. ഇവരുടെ പേരിൽ നേരത്തെ പോസ്റ്റൽ വോട്ട് ചെയ്തെന്ന് പ്രിസൈഡിങിന് ഓഫിസർ അറിയിച്ചു. എന്നാൽ സർക്കാർ ജോലി ഇല്ലാത്ത തനിക്ക് പോസ്റ്റൽ വോട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് സീനത്ത് പറഞ്ഞു. തന്റെ പേരിൽ കള്ളവോട്ട് ചെയ്ത ആൾക്കെതിരെ നടപടിയെടുക്കണമെന്നും സീനത്ത് ആവശ്യപ്പെട്ടു.
നാദാപുരം കല്ലാച്ചി ഗവ.യു.പി സ്‌കൂളിൽ യു.ഡി.എഫ് പ്രവർത്തകർ ഓപൺ വോട്ട് ചെയ്യാൻ കൊണ്ടു വന്ന വീട്ടമ്മയുടെ വോട്ട് എൽ.ഡി.എഫ് പ്രവർത്തകർ ചെയ്തതിനെ തുടർന്ന് ഇരു വിഭാഗം പ്രവർത്തകരും വാക്കേറ്റമുണ്ടായി. വയോധികയെ സീറ്റിലിരുത്തി യു.ഡി.എഫുകാർ ഫോം പൂരിപ്പിക്കുന്നതിനിടെ എൽ.ഡി.എഫ് പ്രവർത്തകർ വോട്ട് ചെയ്തെന്നാണ് യു.ഡി.എഫ് പ്രവർത്തകരുടെ പരാതി.
കുറ്റ്യാടി നടുപ്പൊയിലിൽ കള്ളവോട്ട് ചോദ്യംചെയ്ത യു.ഡി.എഫ് ബൂത്ത് ഏജന്റുമാരായ രാഹുൽ ചാലിൽ, ഷഫീക് എന്നിവർക്ക് മർദനമേറ്റു. ഇരുവരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ നഗരത്തിൽ ചെമ്പുക്കാവ് ഹോളിഫാമിലി സ്‌കൂളിൽ ബൂത്ത് നമ്പർ 128 ൽ വോട്ടറായ സിബി ഡേവി വെളിയത്തിന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. തുടർന്ന് സിബി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. വടക്കാഞ്ചേരി ഗവ ഗേൾസ് ഹൈസ്‌ക്കൂൾ ബൂത്തിൽ കള്ളവോട്ടു നടന്നുവെന്ന പരാതിയെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. വോട്ട് രേഖപ്പെടുത്താനെത്തിയ കുമ്പളങ്ങാട് സ്വദേശി സജീവന്റെ വോട്ട് മറ്റാരോ ചെയ്തതായാണ് പരാതി. സജീവന്റെ പേരിൽ നേരത്തെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും അതിന് അപേക്ഷ നൽകിയിട്ടില്ലെന്ന് സജീവൻ വ്യക്തമാക്കി.
49 ാം നമ്പർ ബൂത്തിലാണ് നാടകീയ സംഭവങ്ങൾ. വോട്ടർ സ്ലിപ്പുമായി വോട്ടു ചെയ്യാനെത്തിയ സജീവനെ പോളിങ് ഉദ്യോഗസ്ഥർ തടഞ്ഞതോടെ എൻ.ഡി.എ പ്രവർത്തകർ ഇടപെട്ടു. പോളിങ് സ്റ്റേഷനിൽ പ്രതിഷേധിച്ച പ്രവർത്തകർ വോട്ടെടുപ്പ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സജീവന് ടെൻഡർ വോട്ട് ചെയ്യാമെന്ന് പ്രിസൈഡിങ് ഓഫിസർ അറിയിച്ചെങ്കിലും ബി.ജെ.പി പ്രവർത്തകർ ആദ്യം അതംഗീകരിച്ചില്ല. പിന്നീട് തെര.കമ്മിഷൻ ഉദ്യോഗസ്ഥരെത്തി മൊഴിയെടുത്തശേഷം ടെൻഡർ വോട്ടുചെയ്തു. ഇതിനിടെ പൊലിസുമായും തർക്കമുണ്ടായി.
ഷൊർണൂർ പരുത്തിപ്ര ബി.എം.എസ്.എൽ.പി സ്‌കൂളിലെ 169 നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി ആരോപണം. 392 -ാം ക്രമ നമ്പറുള്ള ബി. നിഖിലിന്റെ കന്നിവോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. ടെൻഡർ വോട്ടിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയതായി വാർഡ് കൗൺസിലർ കെ. കൃഷ്ണകുമാർ പറഞ്ഞു.
ആനക്കര, തൃത്താല നിയോജക മണ്ഡലത്തിലെ കുമ്പിടി ജി.ടി.ജെ.ബി സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതായി പരാതി. തേക്കിൻകാട് സൈനബയുടെ വോട്ടാണ് മറ്റൊരാൾ നേരത്തെ ചെയ്തുപോയത്. പിന്നീട് ഇവരെക്കൊണ്ട് ടെൻഡർ വോട്ട് ചെയ്യിക്കുകയായിരുന്നു.
പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി യു.ഡി.എഫ് ആരോപിച്ചു. സെന്റ് ഡൊമിനിക് കോളജിലെ 86-ാം നമ്പർ ബൂത്തിൽ പാറത്തോട് പുളിക്കൽ സ്വദേശിനി ഫാത്തിമയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായാണ് പരാതി. തന്റെ സമ്മതമില്ലാതെ മറ്റാരോ വോട്ട് ചെയ്തെന്ന് ബോധ്യപ്പെട്ടതോടെ ഫാത്തിമയും ഒപ്പമുണ്ടായിരുന്ന യു.ഡി.എഫ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."