ആ താരങ്ങൾക്ക് ഇനി ഗ്രൗണ്ടിലിറങ്ങാനാവില്ല; പ്രഖ്യാപനത്തിനൊരുങ്ങി ബി.സി.സി.ഐ
മുംബൈ: ഐ.പി.എല്ലിൽ കളിക്കുന്ന താരങ്ങൾക്ക് പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി ബി.സി.സി.ഐ. മത്സരങ്ങൾക്കിടെ ഗ്രൗണ്ടിലിറങ്ങുന്ന പകരക്കാരായ താരങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആണ് ബി.സി.സി.ഐ പുതിയ നിയമം നടപ്പിലാക്കുന്നത്.മത്സരത്തിനായുള്ള 16 അംഗ ടീം ഷീറ്റിൽ ഉൾപ്പെടാത്ത ഒരു താരത്തിനും ഇനി മുതൽ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകില്ലെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ഉടൻ തന്നെ നിയമമായി താരങ്ങളെ അറിയിക്കാൻ ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുതിയ നിർദേശ പ്രകാരം പ്ലെയിങ് ഇലവനിലെ 11 പേരും 5 ഇംപാക്ട് പ്ലെയർ ഓപ്ഷനുകളും ഉൾപ്പെടെയുള്ള 16 പേർക്ക് മാത്രമായിരിക്കും ഗ്രൗണ്ടിൽ പ്രവേശിക്കാൻ അനുമതിയുണ്ടാവുക. ഇവർക്ക് മാത്രമേ കളിക്കാർക്ക് വെള്ളം, ബാറ്റ്, ഗ്ലൗസ് എന്നിവ എത്തിക്കാനോ സന്ദേശങ്ങൾ കൈമാറാനോ കഴിയൂ. ഇതോടെ കോച്ചുമാർ ഉൾപ്പെടെയുള്ള മറ്റ് ടീം അംഗങ്ങൾക്ക് മത്സരത്തിനിടയിൽ ഗ്രൗണ്ടിലിറങ്ങി സന്ദേശങ്ങൾ കൈമാറാൻ കഴിയില്ല.
നിയമമനുസരിച്ച് പ്ലെയിങ് ഇലവന് പുറത്തുള്ള 5 താരങ്ങൾക്ക് മാത്രമേ പ്രത്യേക 'ബിബ്' ധരിച്ച് ബൗണ്ടറി ലൈനിനും പരസ്യ ബോർഡുകൾക്കും ഇടയിലുള്ള സ്ഥലത്ത് നിൽക്കാൻ അനുവാദമുള്ളൂ. ടീം ഷീറ്റിൽ ഇല്ലാത്ത ബാക്കി താരങ്ങൾ നിർബന്ധമായും ഡഗ് ഔട്ടിൽ തന്നെ ഇരിക്കണം. ഐ.പി.എൽ നിയമങ്ങളിലെ വകുപ്പുകൾ പരിഷ്കരിച്ചുകൊണ്ടാണ് ഈ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അമ്പയറുടെ അനുമതിയില്ലാതെ വെള്ളം ഗ്രൗണ്ടിലെത്തിക്കാൻ പാടില്ലെന്നും ഗ്രൗണ്ടിലിറങ്ങുന്ന പകരക്കാർ നിർബന്ധമായും ടീം യൂണിഫോമും ബിബും ധരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."