ഫലം വരും മുൻപേ വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രി! തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിന് തൊട്ടുപുറകെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിക്കിപീഡിയ പേജിൽ അജ്ഞാതരുടെ വക തിരുത്തൽ. വി.ഡി. സതീശനെ കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പേജിൽ ആദ്യ മാറ്റം വരുത്തിയത്.
വിക്കിപീഡിയയിലെ 'മുഖ്യമന്ത്രി' കളി
തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് വിക്കിപീഡിയ പേജിലെ എഡിറ്റ് ഹിസ്റ്ററിയിൽ കൗതുകകരമായ മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടത്.ആദ്യ എഡിറ്റിംഗിൽ വി.ഡി. സതീശൻ കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയാണെന്നും 2026 മേയ് നാലിന് അദ്ദേഹം ചുമതലയേറ്റെന്നുമാണ് പേജിൽ രേഖപ്പെടുത്തിയത്.
മിനിറ്റുകൾക്കകം വിവരം ശ്രദ്ധയിൽപ്പെട്ടതോടെ വീണ്ടും തിരുത്തൽ നടന്നു. നിലവിൽ അദ്ദേഹം 'പ്രതിപക്ഷ നേതാവ്' എന്ന് തന്നെയാണ് പേജിലുള്ളതെങ്കിലും ചുമതലയേറ്റ തീയതി 2026 മേയ് നാല് എന്ന് തന്നെയാണ് ഇപ്പോഴും കാണിക്കുന്നത്.
നൂറിലധികം സീറ്റുകൾ ഉറപ്പെന്ന് സതീശൻ
തെരഞ്ഞെടുപ്പിന് പിന്നാലെ മാധ്യമങ്ങളെ കണ്ട വി.ഡി. സതീശൻ യു.ഡി.എഫിന്റെ വിജയത്തിൽ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ 35 വർഷത്തിനിടയിലെ ഏറ്റവും മികച്ച സംഘടനാ പ്രവർത്തനമാണ് ഇത്തവണ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഏത് കേഡർ പാർട്ടിയെയും വെല്ലുന്ന രീതിയിലുള്ള പ്രവർത്തനമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. 1991-ലും 2001-ലും ഉണ്ടായതിനേക്കാൾ വലിയ ആവേശം ഇത്തവണ അണികളിലുണ്ട്.2005 മുതൽ യു.ഡി.എഫിൽ നിന്ന് അകന്നുനിന്ന പല വിഭാഗങ്ങളും ഇത്തവണ മുന്നണിക്കൊപ്പം നിന്നു. പിണങ്ങിപ്പോയവരെ തിരികെ എത്തിക്കാൻ സാധിച്ചു.വെറുതെ ഒരു പ്രവചനം നടത്തുകയല്ലെന്നും രാഷ്ട്രീയമായ അടിത്തറ പരിശോധിച്ചാൽ യു.ഡി.എഫ് 100-ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിളക്കമാർന്ന പ്രകടനം
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടായ മാറ്റങ്ങൾ നിശബ്ദമായ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് സതീശൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെയും പാർലമെന്റ് തെരഞ്ഞെടുപ്പിലെയും വിജയം നിയമസഭയിലും ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."