മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു
കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയ ഉത്തരേന്ത്യൻ യുവതി മോണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് മോണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലിസ് പോക്സോ (POCSO) കേസ് രജിസ്റ്റർ ചെയ്തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
അന്വേഷണ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ അന്തർ സിംഗ് ആര്യയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോണാലിസ മൈനറാണെന്ന് കണ്ടെത്തിയത്.മഹേശ്വറിലെ ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിയുടെ ജനനത്തീയതി 2009 ഡിസംബർ 30 ആണ്. 2026 മാർച്ചിൽ വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
വിവാഹം നടത്താനായി പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്ന് കാണിക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായി കണ്ടെത്തി. ഈ വ്യാജ രേഖ ഉപയോഗിച്ചാണ് കേരളത്തിലെ ഗ്രാമപഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്തത്.
ഫർമാൻ ഖാനെതിരെ പോക്സോ നിയമത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം (SC/ST Act), ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഡിജിപിമാർ ഹാജരാകാൻ നിർദ്ദേശം
കേസിന്റെ ഗൗരവം പരിഗണിച്ച് കേരള, മധ്യപ്രദേശ് ഡിജിപിമാർക്ക് ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്ത് ഏപ്രിൽ 22-ന് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകി.അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
മഹാകുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ വൈറലായ പെൺകുട്ടിയാണ് മോണാലിസ. തുടർന്ന് ഒരു പരസ്യത്തിൽ അഭിനയിക്കവേ ഇവർ പ്രണയത്തിലാവുകയും ഫർമാൻ ഖാനെ വിവാഹം കഴിക്കുകയുമായിരുന്നു. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഈ വിവാഹത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയർന്നതും അന്വേഷണം നടന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."