ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ മുകളിൽ നിരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന യുഎസിന്റെ ഡ്രോൺ പെട്ടെന്ന് അപ്രത്യക്ഷമായി. നാവികസേനയുടെ നിരീക്ഷണ ഡ്രോണിൽ ഉൾപ്പെട്ട 'MQ-4C ട്രൈറ്റൺ' ആണ് അപ്രത്യക്ഷമായത്. യുഎസും ഇറാനുമായുള്ള വെടിനിർത്തൽ കരാർ അടുത്തിടെയാണ് പ്രാബല്യത്തിൽ വന്നത്. ഇതിന് ശേഷം ആണ് ഇപ്പോൾ ഹോർമുസ് കടലിടുക്കിന് മുകളിൽ വച്ച് യുഎസിന്റെ നിരീക്ഷണ ഡ്രോണിനെ പെട്ടെന്ന് കാണാതാകുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പേർഷ്യൻ ഗൾഫ് ഭാഗത്തിനനടുത്ത് മൂന്ന് മണിക്കൂറോളം ഈ ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. പറക്കലിന് ശേഷമാണ് റഡാറുകളിൽ നിന്ന് ഡ്രോൺ മിന്നി മറഞ്ഞത്. സഊദി അറേബ്യയുടെ വ്യോമാതിർത്തി കടന്ന് വിമാനം പെട്ടെന്ന് ദിശമാറി വടക്കുകിഴക്ക് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു.
ഏകദേശം 50,000 അടിയോളം ഉയരത്തിലായിരുന്നു ഡ്രോൺ സഞ്ചരിച്ചിരുന്നത്. പെട്ടെന്നാണ് 10,000 അടിയിലേക്ക് താഴ്ന്നത്. നിരീക്ഷണത്തിന് ശേഷം ഇറ്റലിയിലെ സിഗോനെല്ല നാവിക കേന്ദ്രത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കാണാതാകുന്നതിന് മുൻപ് അടിയന്തര ഘട്ടത്തിൽ പുറപ്പെടുവിക്കുന്ന സിഗ്നലും നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് പുറപ്പെടുവിക്കുന്ന സിഗ്നലുകളും ഡ്രോൺ പ്രക്ഷേപണം ചെയ്തിരുന്നു.
ഇറാൻ വെടിവെച്ചിട്ടതാണോ?
ഹോർമുസ് കടലിടുക്കിലെ പ്രധാന ജലപാതകൾ കപ്പൽ മുഖേനയുള്ള ചരക്ക് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാറിൽ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ അത്യാധുനികമായ ഈ ഡ്രോൺ പെട്ടെന്ന് അപ്രത്യക്ഷമായത്. ഡ്രോണിനെ ഇറാൻ ആക്രമിച്ചതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അതേസമയം അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
ഇറാനിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണിനെ തകർക്കാൻ ലക്ഷ്യം വെച്ചതിന് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭ്യമല്ല. എന്നാൽ ഡ്രോൺ കാണാതായത് സംബന്ധിച്ച് അമേരിക്കയുടെ ഏറ്റവും ചെലവേറിയ രഹസ്യാന്വേഷണ പ്ലാറ്റ്‌ഫോമിനെ തകർക്കാൻ ഇറാനു ശേഷിയുണ്ടെന്ന സൂചനയാണിത് നൽകുന്നത് എന്ന് ഇറാനിലെ പ്രതിരോധ വിദഗ്ധർ നിരീക്ഷിക്കുന്നു.
എന്താണ് MQ-4C ട്രൈറ്റൺ?
നിലവിൽ അമേരിക്കയുടെ കൈവശമുള്ള ഏറ്റവും അത്യാധുനികമായ സമുദ്ര നിരീക്ഷണ ഡ്രോണുകളിൽ ഒന്നാണിത്. സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR), ഇൻഫ്രാറെഡ് വീഡിയോ ക്യാമറകൾ, ഇലക്ട്രോണിക് ഇന്റലിജൻസ് ശേഖരണ സംവിധാനം എന്നിവയുണ്ട്. 50,000 അടി ഉയരത്തിലൂടോ 24 മണിക്കൂറിലധികം തുടർച്ചയായി പറക്കാൻ സാധിക്കും.
സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡോ നാവികസേനയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡ്രോണിനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
a us navy mq-4c triton surveillance drone, valued at over $200 million, has disappeared over the strait of hormuz after sending out an emergency signal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."