'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ
ഭോപ്പാൽ: മധ്യപ്രദേശിലെ ധാറിൽ സുഗന്ധവ്യഞ്ജന വ്യാപാരിയായ പുരോഹിത് ദേവ്കൃഷ്ണ (28) കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പുരോഹിത് ദേവ്കൃഷ്ണയെ മുഖംമൂടി ധരിച്ചെത്തിയ കവർച്ചാസംഘം കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴി പച്ചക്കള്ളമാണെന്ന് പൊലിസ് കണ്ടെത്തി. കാമുകനൊപ്പം ജീവിക്കാൻ ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയായ ഭാര്യ പ്രിയങ്കയെയും കാമുകൻ കമലേഷിനെയും പൊലിസ് അറസ്റ്റ് ചെയ്തു.
കവർച്ചാ നാടകം പൊളിഞ്ഞത് 'ആഭരണങ്ങളിൽ'
ഏപ്രിൽ 7-ന് രാത്രിയാണ് ദേവ്കൃഷ്ണ സ്വന്തം വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം 3.5 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നെന്നും,കവർച്ച തടയാൻ ശ്രമിച്ച ഭർത്താവിനെ വെട്ടിക്കൊന്നുവെന്നുമാണ് പ്രിയങ്ക പൊലിസിന് മൊഴി നൽകിയത്.
സംശയം തോന്നിയ പൊലിസ് സംഭവസ്ഥലത്ത് പരിശോധന നടത്തിയപ്പോൾ പ്രിയങ്കയുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തുകയായിരുന്നു. പൊലീസ് വീട് അരിച്ചുപെറുക്കുകയും, മോഷണം പോയെന്ന് യുവതി അവകാശപ്പെട്ട ആഭരണങ്ങളെല്ലാം വീടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
പ്രിയങ്കയുടെ ഫോൺ പരിശോധിച്ചപ്പോൾ ജ്ഗഢ് സ്വദേശി കമലേഷുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് പൊലിസ് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
നിറത്തിന്റെ പേരിൽ അധിക്ഷേപം
കൊല്ലപ്പെട്ട ദേവ്കൃഷ്ണയെ നിറത്തിന്റെ പേരിൽ പ്രിയങ്ക നിരന്തരം അപമാനിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി."നീ കറുത്തവനാണ്, എന്റെ കൂടെ കഴിയാൻ നിനക്ക് യോഗ്യതയില്ല" എന്ന് പറഞ്ഞ് പ്രിയങ്ക ഭർത്താവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. 2020 മുതൽ പ്രിയങ്കയ്ക്ക് മറ്റൊരു ബന്ധമുള്ളതായി തങ്ങൾക്ക് സംശയമുണ്ടായിരുന്നുവെന്ന് ദേവ്കൃഷ്ണയുടെ സഹോദരി ജ്യോതി മൊഴി നൽകിയിരിക്കുന്നത്.
കൊലപാതകം നടന്നത് ഇങ്ങനെ:
കാമുകനുമായി ചേർന്ന് ജീവിക്കാൻ ദേവ്കൃഷ്ണയെ ഒഴിവാക്കുകയായിരുന്നു പ്രിയങ്കയുടെ ലക്ഷ്യം. ഇതിനായി ഒരു ലക്ഷം രൂപയ്ക്ക് സുരേന്ദ്ര ഭാട്ടി എന്ന വാടക ഗുണ്ടയ്ക്ക് ഇവർ ക്വട്ടേഷൻ നൽക്കുകയായിരുന്നു.50,000 രൂപ അഡ്വാൻസ് നൽകിയാണ് കൊലപാതകം പ്ലാൻ ചെയ്തത്.കൊലപാതകം നടത്താൻ തീരുമാനിച്ച ദിവസം രാത്രി പ്രിയങ്ക മനഃപൂർവ്വം വീടിന്റെ മുൻവാതിൽ തുറന്നിട്ടു.വീടിനുള്ളിൽ കടന്ന വാടക കൊലയാളിയായ സുരേന്ദ്ര ഉറങ്ങിക്കിടക്കുകയായിരുന്ന ദേവ്കൃഷ്ണയെ മാരകായുധം കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കവർച്ച നടന്നുവെന്ന് വരുത്താൻ പ്രിയങ്ക വീട്ടുസാധനങ്ങൾ വലിച്ച് വാരിയിടുകയും സ്വയം കെട്ടിയിട്ട് തന്നെയും അക്രമികൾ ഉപദ്രവിച്ചു എന്ന് വരുത്തിത്തീർക്കുകയുമായിരുന്നു.
അന്വേഷണം തുടരുന്നു
പ്രിയങ്കയെയും കാമുകൻ കമലേഷിനെയും അറസ്റ്റ് ചെയ്തതെങ്കിലും,കൊലപാതകം നടത്തിയ വാടക ഗുണ്ട സുരേന്ദ്രയ്ക്കായി പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."