അരീക്കോട് തൊഴുത്തിന് തീപിടിച്ചു: ലക്ഷങ്ങൾ വിലമതിക്കുന്ന മൽസരക്കാളകൾ വെന്തുചത്തു
അരീക്കോട്: പത്തനാപുരത്ത് തൊഴുത്തിന് തീപിടിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന മൂന്ന് കാളകൾ വെന്തുചത്തു. കാളപൂട്ട് മത്സരങ്ങൾക്കായി പ്രത്യേകം വളർത്തിയിരുന്ന മൽസരക്കാളകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. പത്തനാപുരം പൂവത്തിക്കണ്ടിയിൽ ഫസൽ റഹ്മാൻ (ബാപ്പു) എന്നയാളുടെ ഉടമസ്ഥതയിലുള്ളവയാണ് ഈ കാളകൾ.
ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. തൊഴുത്തിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ തന്നെ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും നിമിഷനേരം കൊണ്ട് തൊഴുത്ത് മുഴുവനായും തീ ആളിപ്പടരുകയായിരുന്നു. കാളകൾക്ക് പുറത്തുകടക്കാൻ കഴിയാത്ത വിധം തൊഴുത്തിൽ തീ നിറഞ്ഞത് നാട്ടുകാർക്ക് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചു.
നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മാവൂരിലെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി.യുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന കാളകൾക്കൊപ്പം തൊഴുത്തും പൂർണ്ണമായും കത്തിനശിച്ചു. കാളപൂട്ട് മത്സരവേദികളിലെ സജീവ സാന്നിധ്യമായിരുന്ന കാളകളെയാണ് ഉടമയ്ക്ക് നഷ്ടമായത്.
എന്നാൽ തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ അതോ മറ്റ് അട്ടിമറികൾ നടന്നിട്ടുണ്ടോ എന്ന കാര്യം പൊലിസ് പരിശോധിച്ചുവരികയാണ്. അരീക്കോട് പൊലിസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മാവൂർ ഫയർ സ്റ്റേഷനിലെ ഹബീബ് റഹ്മാൻ, ജയേഷ് മഹേഷ് ടി.പി, സി. വിവേക്, മഹേഷ് എം, ഫിജീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.
Three competition-grade bulls, worth lakhs of rupees, were charred to death after a fire broke out at a cattle shed in Pathanapuram, Areacode. The bulls, specially trained for cattle racing (Kaalapootu), belonged to Fazal Rahman (Bappu). Despite frantic rescue efforts by locals and the Mavoor fire brigade, the intensity of the flames prevented the animals from being saved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."