റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബിന്റെ വിവാദമായ ട്വീറ്റുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. ഐടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം ചില ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ അന്വേഷണ ഏജൻസികൾ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടതായി കേന്ദ്രവും ഡൽഹി പൊലിസും ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.
2000-ലെ ഐടി നിയമപ്രകാരം ആണ് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. നടപടിയിൽ അതൃപ്തിയുണ്ടെങ്കിൽ റാണ അയ്യൂബിന് നിയമപരമായി മുന്നോട്ട് പോകാമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയെന്നുമാണ് റാണ അയ്യൂബിനെതിരായ പരാതി. 2025-ലാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുക്കാൻ കോടതി നിർദേശിച്ചത്.
നിയമവിരുദ്ധമായ ഉള്ളടക്കമാണെന്ന് അറിഞ്ഞിട്ടും അത് നീക്കം ചെയ്യാൻ എക്സ് (ട്വിറ്റർ) തയ്യാറായില്ലെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. ഇത് പ്ലാറ്റ്‌ഫോമിന് പാലിക്കേണ്ട ജാഗ്രതയിലുണ്ടായ വീഴ്ചയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
റാണ അയ്യൂബിന്റെ ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഏപ്രിൽ ഒമ്പതിനാണ് അന്വേഷണ ഏജൻസി അപേക്ഷ നൽകിയത്. ഐടി നിയമപ്രകാരം ഉദ്യോഗസ്ഥർ ഇതിൽ അന്തിമ തീരുമാനമെടുക്കും എന്ന് കേന്ദ്ര സർക്കാർ പ്രതിനിധി അറിയിച്ചു.
മോദി സർക്കാരിന്റെയും സംഘ്പരിവാർ രാഷ്ട്രീയത്തിന്റെയും കടുത്ത വിമർശകയാണ് റാണ അയ്യൂബ്. ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി എഴുതിയ ‘ഗുജറാത്ത് ഫയൽസ്: അനാറ്റമി ഓഫ് എ കവർ അപ്പ്’ എന്ന പുസ്തകത്തിലൂടെയാണ് റാണ ആഗോള ശ്രദ്ധ നേടുന്നത്. പുസ്തക പ്രസിദ്ധീകരണത്തിന് പിന്നാലെ ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും നിരന്തരമായി തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും റാണ അയ്യൂബ് നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി റാണ അയ്യൂബിന്റെ വിദേശ യാത്രകൾ തടഞ്ഞതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
The Indian central government has approached the court with a report seeking the removal of several controversial tweets posted by journalist Rana Ayyub. The move is part of a legal process addressing content that the authorities claim violates specific guidelines or legal frameworks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."