339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍
തെഹ്‌റാന്‍: ഇസ്‌റാഈല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ 1,25,630 സിവിലിയന്‍ കേന്ദ്രങ്ങള്‍ തകര്‍ന്നതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. തകര്‍ക്കപ്പെട്ടവയില്‍ 23,500 വ്യാപാര സ്ഥാപനങ്ങളും, വാണിജ്യ കേന്ദ്രങ്ങളുമാണ്. ആക്രമണം സാധാരണക്കാരുടെ ഉപജീവനത്തെ സാരമായി ബാധിച്ചതായും റെഡ് ക്രസന്റ് സൊസൈറ്റി മേധാവിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഇര്‍ണ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധവെറിയില്‍ ആശുപത്രികള്‍, ഫാര്‍മസികള്‍, ലബോറട്ടറികള്‍, ഹെല്‍ത്ത് സെന്ററുകള്‍, എമര്‍ജന്‍സി റൂമുകള്‍ എന്നിവയുള്‍പ്പെടെ 339 മെഡിക്കല്‍ കേന്ദ്രങ്ങളാണ് ഇതുവരെ തകര്‍ന്നത്. ജനവാസ മേഖലകളെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇറാനിലെ സമാധാനാന്തരീക്ഷത്തെയും, ജനജീവിതത്തെയും യുദ്ധം പ്രതിസന്ധിയിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഇറാനില്‍ അമേരിക്കയും, ഇസ്‌റാഈലും നടത്തിയ ഏകപക്ഷീയമായ കടന്നുകയറ്റത്തില്‍ ലോകവ്യാപകമായി പ്രതിഷേധം കനക്കുന്നു. ഇറാനുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഫലം കണ്ടെങ്കിലും മേഖലയില്‍ ഇസ്‌റാഈലിന്റെ ആക്രമണം കുറയുന്നില്ല. ലെബനന്‍ ലക്ഷ്യം വെച്ച് ആക്രമണം കടുപ്പിക്കുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
ഈ ആക്രമണം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇസ്റാഈലുമായുള്ള എല്ലാ വ്യാപാര-രാഷ്ട്രീയ കരാറുകളും റദ്ദാക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറാകണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. 1995-ൽ ഇസ്റാഈലുമായി ഒപ്പുവെച്ച അസോസിയേഷൻ കരാർ അടിയന്തരമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലബനനിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തുന്നത് ഏറ്റവും ക്രൂരമായ ആക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷിക്കപ്പെടാതെ പോകരുത്. ലെബനനെയും വെടിനിർത്തൽ ചർച്ചകളുടെ ഭാഗമാക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഈ അതിക്രമങ്ങളെ അപലപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്റാഈൽ ആക്രമണത്തിൽ ലെബനനിൽ ഇതുവരെ 89 പേർ കൊല്ലപ്പെടുകയും 722 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇസ്റാഈൽ-സ്പെയിൻ നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ സൂചനയായാണ് സാഞ്ചസിന്റെ പുതിയ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."