ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിലേക്ക് മറിഞ്ഞുവെന്ന വിലയിരുത്തലിൽ യു.ഡി.എഫ്
കോഴിക്കോട്: ചില മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായി പോൾ ചെയ്തുവെന്ന വിലയിരുത്തലിൽ യു.ഡി.എഫ്. ഇത് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് നേതൃത്വം. യു.ഡി.എഫ് തരംഗം ഉണ്ടായെന്ന് ആവർത്തിക്കുമ്പോഴും ക്രോസ് വോട്ടിങ് തിരിച്ചടിയാവുമോ എന്ന ആശങ്കയും നേതാക്കൾ പങ്കുവയ്ക്കുന്നു.
എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മത്സരിച്ച പേരാമ്പ്രയിൽ ശക്തമായ വർഗീയ ധ്രുവീകരണം ഉണ്ടായതായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ് ലിയക്കെതിരെ ഒരു വിഭാഗം സംഘ്പരിവാർ വോട്ടുകൾ ഏകീകരിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞുവെന്ന് താഴെത്തട്ടിൽ നിന്നുള്ള കണക്കുകൾ നിരത്തി യു.ഡി.എഫ് വിലയിരുത്തുന്നു.
പേരാവൂരിൽ സണ്ണി ജോസഫിനും പറവൂരിൽ വി.ഡി സതീശനും വടകരയിൽ കെ.കെ രമയ്ക്കും എതിരായി ക്രോസ് വോട്ട് നടന്നുവെന്ന് യു.ഡി.എഫ് ആശങ്കപ്പെടുന്നു. അതേസമയം, ബി.ജെ.പി വോട്ട് മറിച്ചാലും ഈ മണ്ഡലങ്ങളിലെ ജയസാധ്യതയെ ബാധിക്കില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
തൃക്കരിപ്പൂർ, കൂത്തുപറമ്പ്, സുൽത്താൻ ബത്തേരി, തിരുവമ്പാടി, തൃത്താല, ചിറ്റൂർ, കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ, പീരുമേട്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, റാന്നി, അടൂർ, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലും ബി.ജെ.പിയുടെ കേഡർ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചതായി സംശയമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ യു.ഡി.എഫ് ഉന്നയിച്ച സി.പി.എം- ബി.ജെ.പി ഡീൽ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിൽ വോട്ട് മറിക്കൽ നടന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."