തലസ്ഥാനത്ത് പോളിങ് കുതിപ്പ്; പിടി തരാതെ പാലക്കാട്; വോട്ട് കൂട്ടി മലപ്പുറം; വിവിധ സംസ്ഥാനങ്ങളിലെ വോട്ട് കണക്കുകൾ
മലപ്പുറത്ത് 5.56 ശതമാനം കൂടി
മലപ്പുറം: മലപ്പുറം ജില്ലയിൽ ഇത്തവണ 79.82 ശതമാനം പോളിങ് രേഖപ്പെടുത്തി. 2021നെ അപേക്ഷിച്ച് (74.26ശതമാനം) 5.56 ശതമാനത്തിന്റെ വർധനവാണിത്. 83.27ശതമാനം പോളിങ് നടന്ന ഏറനാട് മണ്ഡലമാണ് മുന്നിൽ. ഏറ്റവും കുറവ് പൊന്നാനിയിലാണ് (74.23 ശതമാനം). വേങ്ങര, മഞ്ചേരി തുടങ്ങിയ മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. പോളിങ് വർധനവിലും ഇരു മുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
പോളിങ് കൂട്ടി കോട്ടയം
കോട്ടയം: ജില്ലയിലെ പോളിങ് ശതമാനത്തിൽ വർധന ഉണ്ടായത് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. 74.32 % പോളിങ് ആണ് ജില്ലയിൽ. 2021ൽ 72.11% ആയിരുന്നു പോളിങ്. കൂടുതൽ പോളിങ് വൈക്കത്താണ്- 79.31%. കഴിഞ്ഞ തവണത്തേക്കാൾ നാല് ശതമാനം കൂടുതലുണ്ട്. കുറവ് കടുത്തുരുത്തിയിൽ- 69.03%. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോട്ടയം എന്നീ മണ്ഡലങ്ങളിലും 2021 നേക്കാൾ കൂടുതൽ പോളിങ് നടന്നു. യു.ഡി.എഫ് എൽ.ഡി.എഫ് മുന്നണികൾ നേർക്കുനേർ പോരാടിയ കോട്ടയം ജില്ലയിൽ എൻ.ഡി.എയുടെ ശക്തമായ സാന്നിധ്യവും അടിയൊഴുക്കുകളും എങ്ങനെ പ്രതിഫലിക്കും എന്നു കണ്ടറിയാം.
കാസർകോട്ട് നേരിയ വർധന
കാസർകോട്: ജില്ലയിലെ പോളിങ് ശതമാനത്തിലെ നേരിയ വർധനവിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 79.12 ആണ് ജില്ലയിലെ പോളിങ് ശതമാനം. 2021ൽ 79.07 ശതമാനമായിരുന്നു പോളിങ്. എസ്.ഐ.ആറിനു ശേഷമുള്ള പോളിങ് നോക്കുമ്പോൾ വലിയ വ്യത്യാസമുണ്ടെന്നാണ് മുന്നണികളുടെ അഭിപ്രായം. ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് മഞ്ചേശ്വരത്താണ്- 81.04 ശതമാനം. കുറഞ്ഞ പോളിങ് ഉദുമയിലാണ്- 78.08 ശതമാനം. 2021ൽ മഞ്ചേശ്വരത്ത് 81.01 ശതമാനവും ഉദുമയിൽ 80.09 ശതമാനവുമാണ് 2021ലെ പോളിങ്.
നിലവിലെ സിറ്റിങ് സീറ്റുകളായ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങൾ നിലനിർത്തുമെന്ന് എൽ.ഡി.എഫ് പറയുന്നു. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾക്കു പുറമെ ഉദുമ മണ്ഡലം പിടിച്ചെടുക്കുമെന്നു യു.ഡി.എഫ് പറയുന്നു. തൃക്കരിപ്പൂരിൽ അട്ടിമറി വിജയവും അവർ പ്രതീക്ഷിക്കുന്നു.
കൊല്ലത്ത് വീശിയടിച്ച് ജനതരംഗം
കൊല്ലം: 20 ലക്ഷം വോട്ടർമാരുള്ള ജില്ലയിൽ ഇക്കുറി പോളിങ് ശതമാനം 76.29 വരെയായി. കഴിഞ്ഞ തവണ 75.16 ശതമാനമായിരുന്നു. യു.ഡി.എഫ് ഭരണത്തിലേറിയപ്പോഴും അല്ലാത്തപ്പോഴും എൽ.ഡി.എഫിന് വലിയ സംഭാവന ചെയ്ത ജില്ല പക്ഷേ പഴയ കൂറ് കാട്ടുമോ എന്നതാണ് സംശയം. കൊട്ടാരക്കരയിൽ പോളിങ് കൂടിയത് തങ്ങളെ ബാധിക്കുമോ എന്ന ആശങ്ക സി.പി.എമ്മിനുണ്ട്. കൊല്ലത്തും ഇരവിപുരത്തും 77 കടന്നു ഇത്തവണ പോളിങ് ശതമാനം. കഴിഞ്ഞ തവണത്തേക്കാളും അഞ്ചു ശതമാനത്തിനടുത്ത് വർധന.
കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ, പത്തനാപുരം, ചവറ, കുണ്ടറ, കരുനാഗപ്പള്ളി സീറ്റുകളിലാണ് യു.ഡി.എഫിന് ഉറച്ച പ്രതീക്ഷയുള്ളത്. തീരദേശ മേഖലകളിൽ മികച്ച ലീഡ് ലഭിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. സ്ത്രീ വോട്ടർമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ യു.ഡി.എഫിന് ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇടുക്കി പോളിങ് ഹൈറേഞ്ച്
തൊടുപുഴ: ഒടുവിലത്തെ കണക്കു പ്രകാരം ഇടുക്കി ജില്ലയിൽ 77.15% പോളിങ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 6% വോട്ടിന്റെ വർധനവാണ് ഉണ്ടായത്. ഉടുമ്പൻചോലയിലാണ് ഏറ്റവും കൂടുതൽ പോളിങ് (79.51%). ദേവികുളം 77.86 %, പീരുമേട് 77.50%, തൊടുപുഴ 75.97 %, ഇടുക്കി 75.40% (ഏറ്റവും കുറവ്). വർധിച്ച വോട്ടുകൾ ഭരണവിരുദ്ധ വികാരമാണെന്നും ഇടതുകോട്ടകൾ തകർത്ത് നാല് സീറ്റുകൾ വരെ പിടിച്ചെടുക്കുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല തരംഗമുണ്ടായാൽ അഞ്ച് സീറ്റും തൂത്തുവാരാനും സാധ്യതയുണ്ട്. എന്നാൽ സംഘടനാ കരുത്തിൽ മണ്ഡലങ്ങൾ നിലനിർത്താമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. 2001 ന് ശേഷം ജില്ലയിൽ കോൺഗ്രസിന് എം.എൽ.എമാരില്ലെന്ന പോരായ്മ പരിഹരിക്കാൻ ഈ തെരഞ്ഞെടുപ്പ് വഴിയൊരുക്കുമെന്നാണ് മലയോര മേഖലയിലെ രാഷ്ട്രീയ വിലയിരുത്തലുകൾ.
കൂട്ടിയും കുറച്ചും തൃശൂർ
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് വടക്കാഞ്ചേരിയിൽ-79.61 ശതമാനം. 2021 ൽ 76.17 ശതമാനം ആയിരുന്ന പോളിങ് 3.5 ശതമാനത്തോളം ഉയർന്നു. തൊട്ടുപിറകിൽ ഒല്ലൂർ. ഇവിടെ 79.60 ശതമാനം പോളിങ് നടന്നു. 2021 ൽ ഇവിടെ 75.13 ശതമാനം പേരാണ് വോട്ടിട്ടത്- 4.5 ശതമാനം കൂടുതൽ.
ജില്ലയിലെ കുറഞ്ഞ പോളിങ് ഗുരുവായൂരിലാണ്-73.31 ശതമാനം. 2021 ൽ 69.65 ശതമാനം പേരാണ് വോട്ടു ചെയ്തത്. മൂന്നിടത്ത് ഒഴികെ മറ്റു മണ്ഡലങ്ങളിലും മുൻ തെരഞ്ഞെടുപ്പിലേക്കാൾ വോട്ടു ശതമാനം കൂടി. കുന്നംകുളം, നാട്ടിക, കയ്പമംഗലം മണ്ഡലങ്ങളിൽ 2021 ലേക്കാൾ പോളിങ് ശതമാനം കുറഞ്ഞുവെന്നതു ശ്രദ്ധേയമാണ്. ശക്തമായ മത്സരം നടന്ന നാട്ടികയിലെ വോട്ടിങ് കുറവ് മുന്നണികളുടെ ഉറക്കം കെടുത്തുന്നതാണ്. ജില്ലയിലെ പോളിങ് കൂടിയത് യു.ഡി.എഫിനു അനുകൂലമാകുമെന്നാണ് അവരുടെ വിലയിരുത്തൽ. അതേസമയം എൽ.ഡി.എഫിനും മികച്ച പ്രതീക്ഷയാണുള്ളത്.
പ്രവചനാതീതം പാലക്കാട്
പാലക്കാട്: ജില്ലയിലെ പോളിങ് ശതമാനത്തിലുണ്ടായ വർധനയിൽ ഭരണവിരുദ്ധ വികാരവും അട്ടിമറിയും പ്രതീക്ഷിക്കുകയാണ് യു.ഡി.എഫ്. എന്നാൽ 2021ലെ ഭരണത്തുടർച്ചയ്ക്ക് ശക്തി പകർന്ന പാലക്കാട്ടെ ഇടത് കോട്ടകൾ ഭദ്രമാണെന്നാണ് എൽ.ഡി.എഫിന്റെ വാദം. പോളിങ് കൂടിയതിലൂടെ ജില്ലയിൽ രണ്ട് സീറ്റെങ്കിലും പിടിക്കാൻ സാധിക്കുമെന്ന് എൻ.ഡി.എയും പ്രതീക്ഷവയ്ക്കുന്നു.
എന്നാൽ പോളിങ്ങിലെ ഏറ്റക്കുറച്ചിൽ ജില്ലയിൽ ഏത് മുന്നണിക്ക് ലീഡ് കിട്ടുമെന്നത് പ്രവചിക്കാനാകില്ലെന്നാണ് മുൻകാല ചരിത്രം സൂചിപ്പിക്കുന്നത്. 75.6 ശതമാനം പോൾ ചെയ്ത 2011ൽ യു.ഡി.എഫിന് അഞ്ച് സീറ്റ് കിട്ടിയപ്പോൾ, 76.2 ശതമാനം പോൾ ചെയ്ത 2021ൽ രണ്ട് സീറ്റുകൾ മാത്രമാണ് കിട്ടിയത്.
2021ൽ 76.2 ആയിരുന്നു ജില്ലയിലെ പോളിങ്. അന്ന് 12ൽ പത്ത് സീറ്റും എൽ.ഡി.എഫ് നേടിയിരുന്നു. 78.37 ശതമാനം പോളിങ്ങുണ്ടായിരുന്ന 2016ൽ ഒൻപത് സീറ്റുകളും എൽ.ഡി.എഫിനൊപ്പം നിന്നു. 75.6 ശതമാനമായിരുന്നു 2011ലെ പോളിങ്. അന്ന് ഏഴ് സീറ്റുകളാണ് എൽ.ഡി.എഫ് നേടിയത്.
ചിറ്റൂർ (84.63), പാലക്കാട് (82.19), മലമ്പുഴ (81.89), നെന്മാറ (81.59), മണ്ണാർക്കാട് (80.77), കോങ്ങോട് (80.28) എന്നീ ആറ് മണ്ഡലങ്ങളിലും 80ന് മുകളിലാണ് പോളിങ്.
വോട്ടുയർത്തി വയനാടും
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ഉയർത്തി വയനാടും. ജില്ലാ അടിസ്ഥാനത്തിൽ 2021നെ അപേക്ഷിച്ച് 2.19 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും കൂടി ഉൾപ്പെടുമ്പോൾ അതിനിയും ഉയരും. 78.81 ശതമാനം വോട്ടാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. നിയോജക മണ്ഡലങ്ങളുടെ കണക്കുകളിലും വർധനയുണ്ട്. കൽപ്പറ്റയിൽ 2021ൽ 75.65 ഉണ്ടായിരുന്നത് ഇത്തവണ 80.35 ആയി ഉയർന്നിട്ടുണ്ട്. മാനന്തവാടിയിൽ 78.96 ആണ് പോളിങ്. 2021ൽ 78.12 ആയിരുന്നു പോളിങ്. സുൽത്താൻ ബത്തേരിയിൽ 2021ൽ 75.88 ഉണ്ടായിരുന്നത് ഇത്തവണ ഉയർന്ന് 77.21ലെത്തി.
എറണാകുളത്ത് എട്ടിടത്ത് 80 % കടന്ന് പോളിങ്
കൊച്ചി: അന്തിമ കണക്കുകൾ വരുമ്പോൾ എറണാകുളത്ത് 79.89 ശതമാനത്തിന്റെ മികച്ച പോളിങ്. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 1987ന് ശേഷം ഏറ്റവും വലിയ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു വോട്ടുനില. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് നില മെച്ചപ്പെടുത്തിയപ്പോൾ എട്ട് മണ്ഡലങ്ങളിൽ 80 ശതമാനം പിന്നിട്ടു. പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പുണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് 80 ശതമാനം മറികടന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് ട്വന്റി20 യുടെ സ്വാധീനമേഖലയും ത്രികോണമത്സരം ശക്തവുമായ കുന്നത്തുനാട്ടിലാണ്- 84.09 ശതമാനം. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് അങ്കമാലിയാണ് (75.62). 2021 ൽ 78.16 ശതമാനം ഉണ്ടായിരുന്ന അങ്കമാലിയിലെ ജനം ഇത്തവണ ബൂത്തിലെത്താൻ മടിച്ചു.
ആരെ തുണയ്ക്കും പത്തനംതിട്ട
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇത്തവണ 70.77 ശതമാനം പോളിങ് രേഖപ്പെടുത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 71.67 ശതമാനമായിരുന്നു പോളിങ്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ അന്ന് കോന്നിയിൽ മാത്രമാണ് കോൺഗ്രസിന് വിജയം നേടാൻ കഴിഞ്ഞത്. 2021 ൽ 67.77 ആയിരുന്നു പോളിങ്. ഇത് എൽ.ഡി.എഫിനെ തുണച്ചു. ആകെയുള്ള അഞ്ച് മണ്ഡലങ്ങളും അവർ നേടി. എന്നാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ആറന്മുളയിലെ പോളിങ് വർധന ആരെ തുണയ്ക്കും എന്നാണറിയേണ്ടത്. മന്ത്രി വീണാ ജോർജ് മത്സരിക്കുന്ന മണ്ഡലം. യുവനേതാവും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അബിൻ വർക്കിയാണ് എതിർസ്ഥാനാർഥി. എൻ.ഡി.എയ്ക്കായി കുമ്മനം രാജശേഖരനും മത്സരിക്കുന്നു.
കൂടുതൽ മട്ടന്നൂരിൽ കണ്ണൂർ
കണ്ണൂർ: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 78.60 ശതമാനം പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പയ്യന്നൂരിലെ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. മണ്ഡല അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിങ് (82.24%). കുറവ് ഇരിക്കൂറിലും (74.32%). പയ്യന്നൂർ, തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ മണ്ഡലങ്ങളിൽ പോളിങ് ശതമാനം 80ന് മുകളിലാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് ശതമാനം 77.67 ആയിരുന്നു. നിയമസഭ മണ്ഡലം, വോട്ടിങ് ശതമാനം, ബ്രാക്കറ്റിൽ 2021 ലെ ശതമാനം എന്ന ക്രമത്തിൽ: പയ്യന്നൂർ- 80.57% (78.96%), കല്യാശേരി-76.99 % (76.41%), തളിപ്പറമ്പ്-81.03% (80.94 %), ഇരിക്കൂർ-74.32% (75.63%), അഴീക്കോട്-77.71% (77.89 %), കണ്ണൂർ- 75.58% (74.94 %), ധർമടം-81.44% (80.22 %), തലശേരി-76.33% (73.94 %), കൂത്തുപറമ്പ്-78.46% (78.15%), മട്ടന്നൂർ-82.24% (79.54%), പേരാവൂർ-79.10% (78.07%).
കുതിച്ചുയർന്ന് പോളിങ്- തിരുവനന്തപുരം
തിരുവനന്തപുരം: അതിശക്തമായ ത്രികോണമത്സരം നടന്ന തലസ്ഥാന ജില്ലയിൽ വോട്ടിങ് ശതമാനം മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുതിച്ചുയർന്നതിന്റെ പ്രതീക്ഷയിൽ മുന്നണികൾ. 77.03 ശതമാനമാണ് ജില്ലയിലെ മൊത്തം വോട്ടിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഏഴ് ശതമാനം വർധനവ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70.02 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എസ്.ഐ.ആർ പരിഷ്‌കരണം വന്നതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും വോട്ടിങ് ശതമാനം വർധിച്ചത് ആർക്ക് അനുകൂലമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് കാട്ടാക്കട മണ്ഡലത്തിലാണ്- 80.72 ശതമാനം. തൊട്ടുപിന്നിൽ 80.62 ശതമാനം പോളിങ് രേഖപ്പെടുത്തി നേമം മണ്ഡലമാണ്. ആറ്റിങ്ങൽ മണ്ഡലത്തിലാണ് കുറഞ്ഞ വോട്ട് രേഖപ്പെടുത്തിയത്- 73.82 ശതമാനം. വർക്കല 73.96%, ചിറയിൻകീഴ് 74.13%, നെടുമങ്ങാട് 78.37%, വാമനപുരം 77.46%, കഴക്കൂട്ടം 78.62%, വട്ടിയൂർക്കാവ് 76.92%, തിരുവനന്തപുരം 74.89%, അരുവിക്കര 79.11%, പാറശ്ശാല 77.59%, കോവളം 75.47%, നെയ്യാറ്റിൻകര 77.54% എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."