മധ്യകേരളത്തിൽ വോട്ടൊഴുക്ക് ഉയരത്തിൽ; രണ്ട് ജില്ലകളിൽ പതിനാലിടത്ത് 80 ശതമാനം പിന്നിട്ടു
കൊച്ചി: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകൾ വരുന്ന മധ്യകേരളത്തിൽ വോട്ടിങിലുണ്ടായ കുതിപ്പിൽ ഒരുപോലെ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ. തങ്ങളുടെ സ്വാധീന മേഖലകളിലെ വോട്ടൊഴുക്ക്് അനുകൂലമായി മാറുമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ മുൻകാലങ്ങളിലെ അനുഭവം ചൂണ്ടിക്കാട്ടി എൽ.ഡി.എഫും വിജയപ്രതീക്ഷ പങ്കുവയ്ക്കുകയാണ്. എ ക്ലാസ് മണ്ഡലമായി ബി.ജെ.പി പരിഗണിച്ച് പ്രവർത്തിച്ച മണ്ഡലങ്ങളിലെ പോളിങ് വർധന തങ്ങൾക്ക് അക്കൗണ്ട് തുറക്കാൻ അവസരം നൽകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
മധ്യകേരളത്തിലെ ആകെ 44 മണ്ഡലങ്ങളിൽ 12ലും പോളിങ് ശതമാനം 80 ശതമാനം പിന്നിട്ടത് വലിയ മുന്നേറ്റമാണ്. പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, കുന്നത്തുനാട്,കോങ്ങാട്, നെന്മാറ, പാലക്കാട്, മലമ്പുഴ, മണ്ണാർക്കാട്, ചിറ്റൂർ എന്നീ മണ്ഡലങ്ങളിലാണ് 80 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ തൃപ്പൂണിത്തുറ, കുന്നത്തുനാട്, പാലക്കാട് എന്നീ ഡീൽ ആരോപണം ഉയർന്ന മണ്ഡലങ്ങളിൽ പോളിങ് വർധിച്ചു. യു.ഡി.എഫ് മേൽക്കൈയുള്ള എറണാകുളത്തും ഇടുക്കിയിലും യു.ഡി.എഫ് മുഴുവൻ സീറ്റും തൂത്തുവാരുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുന്നത്.
പാലക്കാടും തൃശൂരുമുള്ള മേധാവിത്വത്തിന് കോട്ടം തട്ടില്ലെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. ലോക്സഭയിലേക്ക് സുരേഷ് ഗോപിക്ക് വഴിതുറന്ന തൃശൂരും നഗരഭരണമുള്ള പാലക്കാടും ബി.ജെ.പി പ്രതീക്ഷയർപ്പിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയതിൽ മൂന്നാം സ്ഥാനത്താണ് എറണാകുളം ജില്ല. ട്വന്റി20 യുടെ സ്വാധീനമേഖലയും ത്രികോണമത്സരത്തിന് സാക്ഷിയുമായ കുന്നത്തുനാട്ടിലാണ് ഏറ്റവും കൂടിയ പോളിങ്് (84.09). സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തി ചിറ്റൂർ മണ്ഡലം ( 84.63 )മുന്നിലുണ്ട്്. 77.11 ശതമാനം വോട്ട് രേഖപ്പെടുത്തിയ തൃശൂരിൽ 2021 നേക്കാൾ 3.42 ശതമാനം വർധനവാണ് ലഭിച്ചത്. ഇടുക്കിയിൽ പോളിങ് 77.15 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."