ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ചിക്കമംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഉയരത്തില്‍ നിന്ന് വീണപ്പോള്‍ തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരുക്കാണ് മരണകാരണം.
വീഴ്ചയുടെ ആഘാതത്തില്‍ ശരീരത്തിലുടനീളം പരുക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. മുകളില്‍ നിന്ന് താഴേക്ക് വീഴുന്ന സമയത്ത് പാറകളിലും മരങ്ങളിലും മറ്റും തട്ടിയാണ് ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനഞ്ചുകാരിയായ ശ്രീനന്ദയുടെ മൃതശരീരം ബാബാബുധന്‍ ഗിരിക്കുന്നിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തെ 1500 അടി താഴ്ചയില്‍ നിന്നാണ് ഇന്നലെ രക്ഷാദൗത്യസംഘം കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് ദൗത്യസംഘം നടത്തിയ തിരിച്ചിലിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
മാണിക്യധാര വ്യൂപോയിന്റിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതായത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതികളുടെ മകളാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായ ശ്രീനന്ദ. മാതാപിതാക്കള്‍ ഉള്‍പ്പെടെ 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവില്‍ എത്തിയത്. മാണിക്യധാര വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിനൊപ്പം വൈകിട്ട് 5.20 വരെ കുട്ടിയുണ്ടായിരുന്നതായും വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് കാണാതായതെന്നുമാണ് മാതാപിതാക്കള്‍ പൊലിസില്‍ പരാതിപ്പെട്ടത്.
കാണാതാകുന്നതിന് മുമ്പ് വരെ പിതാവിന്റെ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചും ഫോട്ടോ എടുത്തും ശ്രീനന്ദ എല്ലാവര്‍ക്കും ഒപ്പമുണ്ടായിരുന്നു. മകളെ കാണാതായതോടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലിസിലും വനം വകുപ്പിലും വിവരം അറിയിച്ചു. മകളെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പിതാവ് പൊലിസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ചിക്കമംഗളൂരു പൊലിസ്, വനം വകുപ്പ്, മുത്തോടി വന്യജീവി സങ്കേതം ജീവനക്കാര്‍, വനം വകുപ്പിലെ അഗ്‌നിപ്രതിരോധ സംഘം, അഗ്‌നിരക്ഷാ സേന തുടങ്ങിയവരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരച്ചില്‍ തുടങ്ങി. തിരച്ചിലിന് ഡ്രോണ്‍, തെര്‍മല്‍ ഡ്രോണ്‍, സ്നിഫര്‍ ഡോഗ് (പൊലിസ് നായ) എന്നിവയുടെ സഹായവും ലഭിച്ചു. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തെ കുന്നിന്‍മുകളിലും പാറക്കെട്ടുകള്‍ക്കിടയിലും ചെങ്കുത്തായ മലയിടുക്കിലും സംഘം തിരച്ചില്‍ നടത്തി.
ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ സൂചനകളൊന്നും ലഭിക്കാതെ വന്നതോടെ വനമേഖലയില്‍ തിരച്ചില്‍ നടത്തുന്ന വിദഗ്ധരെ സ്ഥലത്തെത്തിച്ചാണ് വ്യാഴാഴ്ച ദൗത്യം പുനരാരംഭിച്ചത്. ഇവരോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ടാസ്‌ക് ഫോഴ്സും ദുരന്ത പ്രതികരണ സേനയും ചേര്‍ന്നു. നൂറിലേറെ പേരുള്‍പ്പെട്ട ദൗത്യസംഘം ഇന്നലെ രാവിലെ മുതല്‍ മലയിടുക്കിലും വെള്ളച്ചാട്ടത്തിന് താഴെയും വ്യാപകമായ തിരച്ചില്‍ നടത്തി.
ഇതിനിടയിലാണ് വെള്ളച്ചാട്ടത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. തലേദിവസം ഈ മേഖലയില്‍ പൊലിസും മേത്തടി വന്യജീവി സങ്കേതത്തിലെ ജീവനക്കാരും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
The preliminary postmortem report of Sreenanda has revealed that the cause of death was a severe head injury. The report also noted multiple injuries across the body, including several fractures, indicating a violent impact. The findings are expected to play a crucial role in the ongoing investigation, with authorities examining the circumstances leading to her death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."