വീണ്ടും ഒരു ചരിത്രനേട്ടത്തിനരികെ ക്രിസ്റ്റാനോ; ഹംദല്ലയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോ ഇന്ന് ഇറങ്ങുന്നു
റിയാദ്: സഊദി പ്രോ ലീഗിൽ ഗോളടിച്ചുകൂട്ടി റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് മറ്റൊരു വിസ്മയ നേട്ടം. ഇന്ന് നടക്കുന്ന അൽ-ഒഖ്‌ദൂദിനെതിരായ മത്സരത്തിൽ ഹാട്രിക് നേടാനായാൽ, സഊദി പ്രോ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ഗോളുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡ് പോർച്ചുഗീസ് ഇതിഹാസത്തിന് സ്വന്തമാക്കാം.
ലക്ഷ്യം ഹംദല്ലയുടെ റെക്കോർഡ്
നിലവിൽ അൽ-ഷബാബ് താരമായ അബ്ദുർറസാക് ഹംദല്ലയുടെ പേരിലാണ് ഈ റെക്കോർഡുള്ളത്. 101 മത്സരങ്ങളിൽ നിന്നാണ് ഹംദല്ല 100 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. നിലവിൽ 100 ലീഗ് മത്സരങ്ങളിൽ നിന്ന് 97 ഗോളുകൾ റൊണാൾഡോയുടെ അക്കൗണ്ടിലുണ്ട്. ഇന്ന് തന്റെ 101-ാം മത്സരത്തിനിറങ്ങുന്ന റൊണാൾഡോയ്ക്ക് ഹാട്രിക് നേടാനായാൽ ഹംദല്ലയുടെ റെക്കോർഡിനൊപ്പമെത്താൻ കഴിയുന്നതാണ്.
മൊറോക്കൻ സ്ട്രൈക്കറായ ഹംദല്ല തന്റെ ആദ്യ 77 ഗോളുകൾ അൽ-നാസറിന് വേണ്ടിയാണ് നേടിയത്. പിന്നീട് 2023 ഫെബ്രുവരിയിൽ അൽ-ഇത്തിഹാദിന് വേണ്ടി കളിക്കുമ്പോഴാണ് അദ്ദേഹം 100 ഗോൾ നേട്ടം നേടിയത്.
പരിക്കിൽ നിന്ന് കരുത്തോടെ മടങ്ങിവരവ്
ഒരു മാസത്തോളം അലട്ടിയ ഹാംസ്ട്രിംഗ് പരിക്ക് മാറി തിരിച്ചെത്തിയ റൊണാൾഡോ തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച (ഏപ്രിൽ 3) അൽ-നജ്മയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി താരം തന്റെ മടങ്ങിവരവ് ആഘോഷമാക്കിയിരുന്നു. ആ മത്സരത്തിൽ അൽ-നാസർ 5-2 ന് വിജയിച്ചിരുന്നു.
പോയിന്റ് പട്ടികയിലെ പോരാട്ടം
ശനിയാഴ്ച (ഏപ്രിൽ 11) നടക്കുന്ന എവേ മത്സരത്തിൽ ലീഗ് പട്ടികയിൽ 17-ാം സ്ഥാനത്തുള്ള അൽ-ഒഖ്‌ദൂദിനെയാണ് അൽ-നാസർ നേരിടുന്നത്. താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ റൊണാൾഡോ ഹാട്രിക് നേടുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. അൽ-നാസർ ക്യാപ്റ്റൻ തന്നെയായിരിക്കും ഇന്ന് ടീമിനെ നയിക്കുക.ഈ സീസണിലെ മികച്ച ഫോം തുടരാനായാൽ ഫുട്ബോൾ ലോകത്തെ മറ്റൊരു അവിശ്വസനീയ റെക്കോർഡ് കൂടി ക്രിസ്റ്റ്യാനോയുടെ പേരിൽ കുറിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."