വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച
മുംബൈ: ഐപിഎൽ 2026-ൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മഹാപോരാട്ടത്തിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം വേദിയാകുന്നു. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കഴിഞ്ഞ വർഷം സ്വന്തം തട്ടകത്തിൽ നേരിട്ട തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഹാർദിക് പാണ്ഡ്യയും സംഘവും ഇറങ്ങുന്നത്.
ഓർമ്മകളിൽ ആ 'വിരാട്' ആക്രോശം
2025 ഏപ്രിൽ 7-ന് നടന്ന പോരാട്ടം മുംബൈ ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ക്രുനാൽ പാണ്ഡ്യയുടെ പന്തിൽ മുംബൈയുടെ പോരാട്ടം അവസാനിച്ചപ്പോൾ ഗാലറിയിലെ നീലക്കടലിനെ നിശബ്ദമാക്കി വിരാട് കോലി നടത്തിയ ആക്രോശം ഇന്നും വാംഖഡെയുടെ മണ്ണിലുണ്ട്. രോഹിത് ശർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും നിരാശ നിറഞ്ഞ മുഖങ്ങൾ അന്ന് ക്രിക്കറ്റ് ലോകം ചർച്ച ചെയ്തതാണ്. ആ മുറിവിനുള്ള മറുപടിയാകും ഞായറാഴ്ച മുംബൈ ലക്ഷ്യമിടുന്നത്.
ബാറ്റിംഗ് പവർഹൗസുകളുടെ നേർക്കുനേർ പോരാട്ടം
ഈ സീസണിലെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിരകളാണ് ഇരു ടീമുകൾക്കുമുള്ളത്. ഒൻപതാം നമ്പർ വരെ ബാറ്റിംഗ് കരുത്തുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ റണ്ണൊഴുക്ക് ഉറപ്പാണ്.
വിരാട് കോലിയിൽ തുടങ്ങുന്ന ബാറ്റിംഗ് വെടിക്കെട്ട് മൂന്ന് മത്സരങ്ങളിലും 200 കടന്നു. ചെന്നൈക്കെതിരെ 250 റൺസടിച്ച ആർസിബി, ഹൈദരാബാദിന്റെ കൂറ്റൻ ലക്ഷ്യം വെറും 94 പന്തിൽ മറികടന്നത് അവരുടെ ഫോം വ്യക്തമാക്കുന്നു. രജത് പാട്ടിദാറും സംഘവും തകർപ്പൻ ഫോമിലാണ്.
രോഹിത് ശർമ്മയുടെ പുതിയ 'അഗ്രസീവ്' വേർഷനും ഹാർദിക് പാണ്ഡ്യയും അടങ്ങുന്ന നിര ആരെയും തകർക്കാൻ കെൽപ്പുള്ളവരാണ്. സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ ഫോം നേരിയ ആശങ്ക നൽകുന്നുണ്ടെങ്കിലും ദീപക് ചാഹർ വരെയുള്ള ബാറ്റിംഗ് ഡെപ്ത് മുംബൈക്ക് കരുത്താകുന്നു.
ബൗളിംഗിൽ മുംബൈയ്ക്ക് മുൻതൂക്കം?
റണ്ണൊഴുകുന്ന വാംഖഡെ പിച്ചിൽ ബൗളർമാരാകും കളി തീരുമാനിക്കുക.ജസ്പ്രിത് ബുമ്ര, ട്രെന്റ് ബോൾട്ട് സഖ്യത്തിന്റെ ഓവറുകൾ നിർണ്ണായകമാകും. ദീപക് ചാഹറിന്റെ സ്വിംഗും മിച്ചൽ സാന്റ്നറുടെ വിക്കറ്റ് വീഴ്ത്താനുള്ള കഴിവും ഹാർദിക്കിന് ആത്മവിശ്വാസം നൽകുന്നു.
ജോഷ് ഹേസൽവുഡിന്റെ തിരിച്ചുവരവ് ടീമിന് വലിയ കരുത്താണ്. ഒപ്പം ഭുവനേശ്വർ കുമാറും ക്രുനാൽ പാണ്ഡ്യയും ചേരുന്ന ബൗളിംഗ് നിര മുംബൈയെ പിടിച്ചുകെട്ടാൻ സജ്ജമാണ്.
പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്താൻ മുംബൈയ്ക്ക് ജയം അനിവാര്യമാണ്. എന്നാൽ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിൽ തകർന്നതിന്റെ ക്ഷീണം ഇരു ടീമുകൾക്കുമുണ്ട്. ബാറ്റിംഗിൽ ആർസിബിയും ബൗളിംഗിൽ മുംബൈയും നേരിയ മുൻതൂക്കം അവകാശപ്പെടുമ്പോൾ വാംഖഡെയിൽ വിരിയുന്നത് സീസണിലെ ഏറ്റവും മികച്ച ക്ലാസിക് പോരാട്ടമാകുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."