സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ
പൂനെ: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള 'റീൽ സ്റ്റാർ' വനിതാ പൊലിസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പൊലിസുകാർക്കെതിരെ തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയതിന് കേസെടുത്തു. പൂനെയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ 55 വയസ്സുള്ള പ്രിൻസിപ്പലിനെ പോക്സോ (POCSO) കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
സംഭവത്തിൽ പ്രതികളായിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ 40,000-ത്തോളം ഫോളോവേഴ്‌സുള്ള റീൽ സ്റ്റാറും, പൂനെ ദാമിനി സ്ക്വാഡ് അംഗവും ശിവാജിനഗർ പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിളുമായ സോണാലി ഹിംഗെ, പൊലിസ് സബ് ഇൻസ്‌പെക്ടറായഅജിത് ബഡെ,പൊലിസ് കോൺസ്റ്റബിൾ സുദം ടെയ്ഡെ എന്നിവരാണ്.
ഗൂഢാലോചന ഇങ്ങനെ
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള 'ഗുഡ് ടച്ച് - ബാഡ് ടച്ച്' ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് പ്രതികൾ സ്‌കൂളിലെത്തിയത്. ഈ സന്ദർഭത്തിൽ പ്രിൻസിപ്പലിനെതിരെ പോക്സോ നിയമപ്രകാരം കള്ളക്കേസ് എടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കേസ് ഒതുക്കി തീർക്കാൻ 10 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. തന്റേ അഭിമാനത്തെ ഭയന്ന് പ്രിൻസിപ്പൽ പലപ്പോഴായി ഏഴ് ലക്ഷം രൂപ പ്രതികൾക്ക് കൈമാറി.
പിടിക്കപ്പെട്ടത് സിസിടിവിയിലൂടെ
പിന്നീട് താൻ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ പ്രിൻസിപ്പൽ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പൂനെ പൊലിസ് കമ്മീഷണർ അമിതേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം നടന്ന അന്വേഷണത്തിൽ പ്രതികളുടെ പങ്ക് വ്യക്തമായി. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബോധവൽക്കരണ പരിപാടിയുടെ മറവിൽ ഇവർ പണം തട്ടാൻ പദ്ധതിയിട്ടതിന്റെ തെളിവുകൾ പൊലിസിന് ലഭിച്ചു.
നടപടി കടുപ്പിച്ച് പൊലിസ്
അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ബണ്ട് ഗാർഡൻ പൊലിസ് സ്റ്റേഷനിൽ മൂവർക്കുമെതിരെ കേസെടുത്തു. നിലവിൽ സബ് ഇൻസ്‌പെക്ടർ അജിത് ബഡെ ഉൾപ്പെടെ മൂന്ന് പേരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പണം തട്ടാൻ മറ്റു പൊലിസുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
പൊതുജനങ്ങൾക്ക് സുരക്ഷ നൽകേണ്ട പൊലിസ് ഉദ്യോഗസ്ഥർ തന്നെ ഇത്തരമൊരു കുറ്റകൃത്യത്തിന് മുതിർന്നത് മഹാരാഷ്ട്ര പൊലിസ് സേനയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."