പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവത്തിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതോടെ കുംഭമേള വൈറൽ താരവും ഭർത്താവ് ഫർമാൻ ഖാനും ഒളിവിൽ പോയതായി സൂചന. ദമ്പതികളെ ബന്ധപ്പെടാൻ ശ്രമിച്ച മാധ്യമങ്ങൾക്ക് നിലവിൽ അവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇരുവരും ഇപ്പോഴും കേരളത്തിൽ തന്നെയുണ്ടെന്നാണ് പൊലിസ് നൽകുന്ന സൂചന.
ആധാർ കാർഡ് വ്യാജമെന്ന് കണ്ടെത്തൽ
കേരളത്തിൽ വെച്ച് നടന്ന വിവാഹസമയത്ത് ഹാജരാക്കിയ ആധാർ കാർഡ് പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നായിരുന്നു അവകാശവാദം. എന്നാൽ നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (NCST) നടത്തിയ വിശദമായ അന്വേഷണത്തിൽ ഈ ആധാർ കാർഡ് വ്യാജമായി നിർമിച്ചെടുത്തതാണെന്ന് കണ്ടെത്തുകയായിരുന്നു.പെൺകുട്ടിയുടെ യഥാർത്ഥ ജനനത്തീയതി മധ്യപ്രദേശിലെ മഹേശ്വർ ഹോസ്പിറ്റൽ റെക്കോർഡുകൾ പ്രകാരം 2009 ഡിസംബർ 30.
ഈ കണക്ക് പ്രകാരം വിവാഹസമയത്തെ പ്രായം 2026 മാർച്ച് 11-ന് വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇതിനെത്തുടർന്ന് മധ്യപ്രദേശിലെ മഹേശ്വർ പൊലിസ് ഫർമാൻ ഖാനെതിരെ പോക്‌സോ നിയമപ്രകാരവും പട്ടിക വർഗ പീഡന വിരുദ്ധ നിയമപ്രകാരവും കേസെടുത്തു.
സിപിഎം നേതാക്കൾ പ്രതിക്കൂട്ടിൽ
തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവർ പങ്കെടുത്തിരുന്നു. 'റിയൽ കേരള സ്റ്റോറി' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ വിവാഹം ഇപ്പോൾ നേതാക്കൾക്ക് വലിയ തലവേദനയായിരിക്കുകയാണ്.എ.എ. റഹീം ഈ വിഷയത്തിൽ ഇനി പ്രതികരണത്തിനില്ലെന്നും, പറയാനുള്ളത് അന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് പറയുന്നത്.പരാതിക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും രേഖകൾ പരിശോധിച്ചാണ് വിവാഹം നടത്തിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
ബിജെപിയുടെ കടന്നാക്രമണം
സിപിഎം നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി രംഗത്തെത്തി. 16 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ കൂട്ടുനിന്ന എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിൽ പോകേണ്ട കുറ്റമാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആരോപിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വ്യാജ രേഖകൾ ചമച്ചവർക്കെതിരെയും നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ദേശീയ കമ്മിഷൻ ഇടപെടൽ
വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ ഹാജരാകാൻ ദേശീയ പട്ടികവർഗ കമ്മിഷൻ നിർദ്ദേശിച്ചു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്നും നേതാക്കളുടെ ഇടപെടൽ എപ്രകാരമാണെന്നും കമ്മിഷൻ അന്വേഷിക്കും. കേസിലെ പുരോഗതി ഓരോ മൂന്ന് ദിവസം കൂടുമ്പോഴും റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."