ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?
നിങ്ബോ (ചൈന): ഏഷ്യൻ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ആയുഷ് ഷെട്ടി. പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ തായ്‌ലൻഡിന്റെ കുൻലാവുത് വിതിദ്‌സരനെ അട്ടിമറിച്ചാണ് ആയുഷ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഇതോടെ 1965-ന് ശേഷം ഈ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും ഇരുപതുകാരനായ ഇന്ത്യൻ താരം സ്വന്തമാക്കി.
തോൽവിയിൽ നിന്നുള്ള വിസ്മയ തിരിച്ചുവരവ്
ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ആയുഷ് മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചെത്തിയത്. ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് കൂടിയായ കുൻലാവുത്തിനെതിരെ 10-21, 21-19, 21-17 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ മിന്നും വിജയം.
ആദ്യ ഗെയിമിൽ പതറിയെങ്കിലും രണ്ടാം ഗെയിമിൽ 11-4 എന്ന നിലയിൽ ആയുഷ് ലീഡ് എടുത്തു.എന്നാൽ പുറകെ തായ് താരം കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും 21-19-ന് ഗെയിം സ്വന്തമാക്കി ആയുഷ് പോരാട്ടം മൂന്നാം സെറ്റിലേക്ക് നീട്ടി.നിർണ്ണായകമായ മൂന്നാം ഗെയിമിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ആയുഷ് (11-7), ലോക ഒന്നാം നമ്പറിന്റെ മുന്നേറ്റങ്ങളെ തടഞ്ഞ് 21-17-ന് ചരിത്രവിജയം നേടുകയായിരുന്നു.
വമ്പന്മാരെ വീഴ്ത്തിയ പടയോട്ടം
- ഈ ടൂർണമെന്റിലുടനീളം വമ്പൻ താരങ്ങളെ വീഴ്ത്തിയാണ് ആയുഷ് ഫൈനലിൽ എത്തിയത്:
- ആദ്യ റൗണ്ട്: ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ ലി ഷി ഫെംഗിനെ (ചൈന) പുറത്താക്കി.
- ക്വാർട്ടർ ഫൈനൽ: ലോക നാലാം നമ്പർ താരം ജോനാഥൻ ക്രിസ്റ്റിയെ (ഇന്തോനേഷ്യ) പരാജയപ്പെടുത്തി.
- സെമി ഫൈനൽ: ലോക ഒന്നാം നമ്പർ കുൻലാവുത് വിതിദ്‌സരനെ അട്ടിമറിച്ചു.
59 വർഷത്തെ കാത്തിരിപ്പ്
1965-ൽ സ്വർണം നേടിയ ദിനേഷ് ഖന്നയ്ക്ക് ശേഷം ബാഡ്‌മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ സിംഗിൾസ് താരമാണ് ആയുഷ്. 2023-ൽ സാത്വിക്-ചിരാഗ് സഖ്യം ഡബിൾസിൽ സ്വർണം നേടിയിരുന്നെങ്കിലും സിംഗിൾസിൽ ഇന്ത്യയുടെ സുവർണ്ണ പ്രതീക്ഷ ഇപ്പോൾ ആയുഷിലാണ്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയുടെ ഷി യുഖി - ചൗ ടിയൻ ചെന്നി മത്സരത്തിലെ വിജയിയെ ആയുഷ് നേരിടും. നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യനായ ആയുഷ് ഷെട്ടിയിലൂടെ ഇന്ത്യയിലേക്ക് ഒരു ഏഷ്യൻ കിരീടം എത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."