നാഞ്ചിനാട്: അന്ന് നമ്മുടെ നെല്ലറ, പക്ഷേ ഇന്ന്...
തക്കല: ട്രാവന്‍കൂര്‍ റൈസ് ബൗള്‍-അഥവാ തിരുവിതാംകൂറിന്റെ നെല്ലറ, നാഞ്ചിനാടിന് ഈ വിശേഷണം നല്‍കിയത് തിരുവിതാംകൂറിന്റെ മണ്ണിനെയും പ്രക്യതിയേയും ചരിത്രത്തെയും കുറിച്ച് എഴുതാന്‍ തിരുവിതാംകൂര്‍ രാജാവ് നിയമിച്ച നാഗമയ്യയായിരുന്നു.
പഴയ തിരുവിതാംകൂറിന്റേയും ഇപ്പോള്‍ തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയുടെയും ഭാഗമാണ് നാഞ്ചിനാട്. ഒരു കാലത്തെ ഓണത്തിന് ഇവിടെ നിന്നായിരുന്നു അരിയെത്തിയിരുന്നത്. നാഞ്ചിനാട് പക്ഷേ ഇപ്പോള്‍ അരി ഉല്‍പാദിപ്പിക്കുന്നില്ല. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന വയല്‍പാടങ്ങള്‍ ഇന്നു കാണാനില്ല. നാഞ്ചിനാട് വന്‍ പരിസ്ഥിതി ആഘാതത്തിന്റെ പിടിയിലാണ്.
കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം, കല്‍ക്കുളം താലൂക്കുകളിലായി പരന്നു കിടക്കുന്ന പ്രദേശമാണ് പഴയ നാഞ്ചിനാട്. ഏതാണ്ട് തക്കലയിലെ പത്മനാഭപുരം കൊട്ടാരം മുതല്‍ വ്യാപിച്ചു കിടക്കുന്ന പ്രദേശം. നാഞ്ചില്‍ നാട് അഥവാ കലപ്പകളുടെ നാട് എന്നും നാഞ്ച് കൊണ്ടു വന്നയിടം അഥവാ വെള്ളം കൊണ്ടു വന്നയിടം എന്നും അറിയപ്പെടുന്ന നാഞ്ചിനാടിലെ അരിയെ ആശ്രയിച്ചാണ് തിരുവിതാംകൂറിലെ ഇന്നത്തെ എറണാകുളം വരെയുള്ള ജില്ലക്കാര്‍ കഴിഞ്ഞിരുന്നത്. അതിനാലാണ് നാഗമയ്യ തന്റെ 1932 ല്‍ ഇറങ്ങിയ ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാന്വല്‍ എന്ന ഗ്രന്ഥത്തില്‍ റൈസ് ബൗള്‍ എന്ന് വിശേഷിപ്പിച്ചത്. രാജാവ് തന്നെ നിയമിച്ചിരുന്ന വാര്‍ഡ് , കോണര്‍ എന്നീ സര്‍വ്വേയര്‍മാരും ഇതേ രീതിയിലാണ് തങ്ങളുടെ ഗ്രന്ഥമായ മെമൈര്‍ ഓഫ് ട്രാവന്‍കൂര്‍ സര്‍വ്വേ ( 1905) യിലും പറഞ്ഞിരിക്കുന്നത്. 1884-85 വര്‍ഷത്തില്‍ 15 ലക്ഷം രൂപയുടെയും 1899-1900ല്‍ 18 ലക്ഷം രൂപയുടെയും നെല്ല് ഇവിടെ നിന്ന് ഉല്‍പാദിപ്പിച്ചുവെന്നാണ് രേഖകള്‍ പറയുന്നത്.
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദൈനം ദിന ആവശ്യങ്ങള്‍ക്കായി അരി എത്തിയിരുന്നതും ഇവിടെ നിന്നായിരുന്നുവെന്ന് മതിലകം രേഖകള്‍ പറയുന്നു. ഇവിടെ നിന്നും എത്തുന്ന നെല്ല് ശേഖരിക്കാന്‍ നെല്ലറകളും നിര്‍മ്മിച്ചിരുന്നു. ശില്‍പ്പ ചാരുത കൊണ്ട് ആകര്‍ഷണീയമായ കൂറ്റന്‍ പത്തായമാണ് അതിനായി ഇവിടെ നിര്‍മിച്ചത്. അത്രയ്ക്ക് പേരുകേട്ടതായിരുന്നു നാഞ്ചിനാട്ടെ നെല്ല്.
കാര്‍ഷിക മേഖലയിലെ അഭിവൃദ്ധി ലക്ഷ്യമിട്ട് 1897 ല്‍ പേച്ചിപ്പാറയില്‍ അണക്കെട്ട് പണിതു.അതോടെ നാഞ്ചിനാട്ടെ വയലുകള്‍ കൂടുതല്‍ തളിരണിഞ്ഞു. ഉല്‍പ്പാദനവും കൂടി. കൊടിയ ക്ഷാമ കാലത്തുപോലും ഇവിടുത്തെ നെല്ല് തിരുവിതാംകൂറുകാര്‍ക്ക് ആശ്വാസമായി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. രാജഭരണം പോയി. ജനാധിപത്യം വന്നു. സംസ്ഥാന രൂപീകരണ വേളയില്‍ കന്യാകുമാരിയോടൊപ്പം നാഞ്ചിനാടും
കേരളത്തിന് നഷ്ടമായി . എങ്കിലും അരി അതിര്‍ത്തി കടന്നെത്തിയിരുന്നു. എന്നാല്‍ 1990 കളില്‍ വരവ് കുറഞ്ഞു. ക്രമേള നാഞ്ചിനാട്ടെ വയല്‍പാടങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷ
മായി.
ഇവിടുത്തെ എഴുപത് ശതമാനം വയലുകളും നികത്തി ഫ്‌ളാറ്റുകള്‍ നിര്‍മിച്ചുവെന്നാണ് 2013ലെ കണക്ക്. അല്‍പം നെല്ല് ഇവിടെ ശേഷിക്കുന്നുണ്ടെങ്കിലും ഒരുപാടുപേര്‍ക്ക് അന്നമൂട്ടാനുള്ള ശേഷിയില്ല. നാഞ്ചിനാട്ടെ അരിയുടെ രുചിയറിയാത്ത ഒരു ഓണം കൂടിയാണ് കടന്നു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."