കുംഭമേള വെെറൽ താരത്തിന്റെ വിവാഹം; അന്വേഷണം ഊർജിതമാക്കി പൊലിസ്; മാതാപിതാക്കളുടെ മൊഴിയെടുത്തു; കൂടുതൽ പേരെ പ്രതി ചേർത്തേക്കും
ഭോപ്പാൽ: കുംഭമേള വെെറൽ താരം മൊണാലിസയുടെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത പൊലിസ് സംഘം വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കേസിൽ കൂടൂതൽ പേരെ പ്രതി ചേർത്തേക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കഴിഞ്ഞ ദിവസം പൊലിസിൽ പരാതി ലഭിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദ് കുന്നംകുളം പൊലിസിൽ പരാതി നൽകിയത്.
എം.വി ഗോവിന്ദന് പുറമെ മന്ത്രി വി. ശിവൻകുട്ടി, എ.എ റഹീം എംപി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞിട്ടും വിവാഹത്തിന് നേതൃത്വം നൽകിയെന്നാണ് ആരോപണം.
അതേസമയം, മോണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മധ്യപ്രദേശിലെ മഹേശ്വർ സർക്കാർ ആശുപത്രിയിലെ രേഖകൾ പ്രകാരം പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30-നാണ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് വെറും 16 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും ആരോപണമുണ്ട്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഡിജിപിമാർ ഏപ്രിൽ 22ന് ഡൽഹിയിൽ നേരിട്ട് ഹാജരാകണമെന്ന് ദേശീയ പട്ടികവർഗ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2009 ഡിസംബർ 30-ന് വൈകുന്നേരം 5:50-നാണ് കുട്ടി ജനിച്ചതെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത വിവാഹം ഇപ്പോൾ വലിയ നിയമപോരാട്ടത്തിലേക്കും രാഷ്ട്രീയ വിവാദത്തിലേക്കുമാണ് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."