റെക്കോഡിട്ട് വന്ദേഭാരത്; ഒരു ലക്ഷം ട്രിപ്പുകളിൽ യാത്ര ചെയ്തത് 9.1കോടി മനുഷ്യർ
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോഡ്. സര്‍വിസ് ആരംഭിച്ചത് മുതല്‍ ഇതുവരെ ഒരു ലക്ഷം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാരാണ് ആശ്രയിച്ചത്. 2025-26ല്‍ മാത്രം 3.98 കോടി പേരാണ് ഈ ട്രെയിനുകളില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് (2.97കോടി) 34 ശതമാനത്തോളം വര്‍ധന. 2019 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹി -വാരണാസി റൂട്ടില്‍ തുടക്കമിട്ട വന്ദേഭാരത് ഇന്ന് രാജ്യം മുഴുവന്‍ വ്യാപിച്ചു. 73 ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ച ഡല്‍ഹി - വാരണാസി റൂട്ടാണ് തിരക്കു തുടരുന്നത്. ന്യൂഡല്‍ഹി - കത്ര റൂട്ടില്‍ 56 ലക്ഷം പേരും സെക്കന്തരാബാദ് - വിശാഖപട്ടണം റൂട്ടില്‍ 48 ലക്ഷം പേരും ചെന്നൈ-മൈസൂരു റൂട്ടില്‍ 36 ലക്ഷം പേരും യാത്ര ചെയ്തു.
ദീര്‍ഘദൂര യാത്രയ്ക്കായി ജനുവരിയില്‍ ഹൗറ -ഗുവാഹത്തി റൂട്ടിൽ ആരംഭിച്ച വന്ദേഭാരത് സ്ലീപ്പര്‍ സര്‍വിസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ സ്ലീപ്പര്‍ സര്‍വിസ് പ്രയോജനപ്പെടുത്തി. ഈ റൂട്ടില്‍ 100 ശതമാനത്തിലധികം ഒക്യുപന്‍സി നിരക്ക് കൈവരിക്കാന്‍ സാധിച്ചതായും അധികൃതര്‍ വ്യക്തമാക്കി. സൗകര്യങ്ങളും വേഗതയും വന്ദേഭാരതിനെ ജനപ്രിയ ട്രെയിന്‍ സർവിസുകളിലൊന്നായി മാറ്റിയിരിക്കുകയാണ്.
new record in passenger numbers on Vande Bharat Express. Since the service began, over 9.1 crore passengers have traveled in more than one lakh trips.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."