ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു
ഇസ്‌ലാമാബാദ്: സ്ഥിരം വെടിനിര്‍ത്തലിനുള്ള ഇറാന്‍- യു.എസ് ചര്‍ച്ച പരാജയമെന്ന് സൂചന. പാക് തലസ്ഥാനാമായ ഇസ്‌ലാമാബാദില്‍ നടക്കുന്ന ചര്‍ച്ച ആദ്യഘട്ടത്തില്‍ സമവായത്തിലെത്തിയില്ല. ഇറാനുമായുള്ള ചര്‍ച്ചയില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങള്‍ അന്തിമവും മികച്ചതുമായ ഓഫറാണ് മുന്നോട്ടുവെച്ചുതെന്ന് വാന്‍സ് കൂട്ടിച്ചേര്‍ത്തു.
21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും ഇറാനുമായി ഒരു കരാറിലെത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് തന്റെ ചര്‍ച്ചാ സംഘം പാകിസ്ഥാന്‍ വിടുകയാണെന്ന് വാന്‍സ് ഞായറാഴ്ച വ്യക്തമാക്കി. ഇത് രണ്ടാഴ്ചത്തെ ദുര്‍ബലമായ വെടിനിര്‍ത്തലിനെ അപകടത്തിലാക്കി.
' ഒരു കരാറില്‍ എത്തിയിട്ടില്ല എന്നതാണ് മോശം വാര്‍ത്ത. അത് അമേരിക്കയേക്കാള്‍ ഇറാനായിരിക്കും മോശം വാര്‍ത്തയാവുകയെന്ന് ഞാന്‍ കരുതുന്നു,' ചര്‍ച്ചകള്‍ അവസാനിച്ചതിന് ശേഷം വാന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അതിനാല്‍ ഒരു കരാറിലെത്താതെ ഞങ്ങള്‍ അമേരിക്കയിലേക്ക് മടങ്ങുന്നു. ഞങ്ങളുടെ ചുവപ്പ് വരകള്‍ എന്താണെന്ന് ഞങ്ങള്‍ വളരെ വ്യക്തമാക്കിയിട്ടുണ്ട്.'- വാന്‍സ് പറഞ്ഞു.
അതേസമയം അനാവശ്യ ഉപാധികളാണ് യു.എസ് മുന്നോട്ടുവെച്ചതെന്ന് ഇറാനും ആരോപിച്ചു. ഇതോടെ ലോകം ഏറെ പ്രതീക്ഷയോടെഉറ്റുനോക്കിയിരുന്ന ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങി.
21 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് റൗണ്ട് ചര്‍ച്ചകളാണ് നടന്നത്. ഓരോന്നിനും ശേഷം ഇരുപക്ഷവും തമ്മില്‍ കുറിപ്പുകളുടെ കൈമാറ്റവും നടന്നിരുന്നു.
''ഞങ്ങള്‍ പ്രസിഡന്റുമായി നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. അര ഡസന്‍ അതല്ല ഒരു ഡസന്‍ തവണ. കഴിഞ്ഞ 21 മണിക്കൂറിനുള്ളില്‍ എത്ര തവണ അദ്ദേഹവുമായി സംസാരിച്ചുവെന്ന് എനിക്കറിയില്ല,'' വാന്‍സ് പറഞ്ഞു.
''ഞങ്ങള്‍ സംഘവുമായി നിരന്തരം ആശയവിനിമയം നടത്തി, ഞങ്ങള്‍ നല്ല വിശ്വാസത്തോടെയാണ് ചര്‍ച്ചകള്‍ നടത്തിയത്.വളരെ ലളിതമായ നിര്‍ദ്ദേശം മുന്നോട്ടുവെച്ചാണ് ഞങ്ങള്‍ ഇവിടെ നിന്ന് പോകുന്നത്, ഞങ്ങളുടെ അന്തിമവും മികച്ചതുമായ ഓഫറാണത്. ഇറാന്‍ സ്വീകരിച്ചോ എന്ന് നോക്കാം.''- വാന്‍സ് കൂട്ടിച്ചേര്‍ത്തു.
1979നു ശേഷം ആദ്യമായാണ് ഇറാനും യു.എസും നേരിട്ട് വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തുന്നത്. ഇറാനില്‍ ഇസ്‌ലാമിക വിപ്ലവം നടന്ന ശേഷം അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇതാദ്യമാണ്. ഇന്നലെയാണ് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘവും ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗാച്ചിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ പ്രതിനിധി സംഘവും വെടിനിര്‍ത്തല്‍ തുടര്‍ ചര്‍ച്ചയ്ക്കായി ഇസ് ലാമാബാദിലെത്തിയത്. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാനും യു.എസും തമ്മില്‍ നേരിട്ടല്ലാതെ ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഇരു രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്താന്‍ സന്നദ്ധരാണെന്ന് ഇന്നലെ അറിയിക്കുകയായിരുന്നു.
ഇസ് ലാമാബാദിലെ ആഡംബര പഞ്ചനക്ഷത്ര സറീന ഹോട്ടലിലാണ് ചര്‍ച്ച നടക്കുന്നത്. 15 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഹോട്ടലില്‍ 400 മുറികളുണ്ട്. 150 അംഗങ്ങളാണ് ചര്‍ച്ചയുടെ ഭാഗമായി ഹോട്ടലില്‍ മുറിയെടുത്തത്. ഇന്നലെ ഇസ് ലാമാബാദിലെത്തിയ യു.എസ് വൈസ് പ്രസിഡന്റ് വാന്‍സിനെ പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് സ്വീകരിച്ചു. തുടര്‍ന്ന് ശരീഫുമായി വാന്‍സ് കൂടിക്കാഴ്ച നടത്തി. വെടിനിര്‍ത്തല്‍ സംബന്ധിച്ച് തങ്ങളുടെ നിലപാടുകള്‍ വാന്‍സ് ശരീഫിനെ അറിയിച്ചു. തുടര്‍ന്ന് യു.എസ് പ്രതിനിധികളായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജറേഡ് കുഷ്നറും അടങ്ങുന്ന യു.എസ് സംഘവുമായി വാന്‍സ് കൂടിക്കാഴ്ച നടത്തി.
നേരത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി തയാറാക്കിയ 10ഇന നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനമെടുത്തു 15 ദിവസത്തിനകം നടപ്പാക്കുകയാണ് ഇപ്പോഴത്തെ ചര്‍ച്ചയുടെ ലക്ഷ്യമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നത്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ യു.എസ് പാലിച്ചിട്ടില്ലെന്നും ലബനാനില്‍ ആക്രമണം തുടരുകയാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ഹോര്‍മുസ് വഴി കപ്പലുകള്‍ കടന്നുപോയിട്ടില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, എന്നാല്‍ ചര്‍ച്ച പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന സൂചകളാണ് വാന്‍സ് വാര്‍ത്താ സമ്മേളത്തില്‍ നല്‍കിയതെന്ന് നിരീക്ഷകര്‍ പറയുന്നു.
യുദ്ധസമയത്ത് നേടാന്‍ കഴിയാത്തതെല്ലാം ചര്‍ച്ചയിലൂടെ അമേരിക്ക ആവശ്യപ്പെട്ടതായാണ് ഇറാന്‍ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതെന്ന് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 'ഹുര്‍മുസ് കടലിടുക്ക്, സമാധാനപരമായ ആണവോര്‍ജം ഉള്‍പെടെ മറ്റ് നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ ഇറാന്‍ അംഗീകരിച്ചില്ല' ഫാര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് തികച്ചു ഏകപക്ഷീയമായി ഇസ്‌റാഈലും യു.എസും സംയുക്തമായി ഇറാനില്‍ ആക്രമണം ആരംഭിച്ചത്. ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ഇവര്‍ കൊല്ലപ്പെടുത്തി. ഇതോടെ ഇറാന്‍ തിരിച്ചടി ആരംഭിച്ചു. പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കും ആസ്തികള്‍ക്കും നേരെയും ഇസ്‌റാഈലിലേക്കുമായിരുന്നു പ്രത്യാക്രമണം. മേഖലയിലെ തന്ത്ര പ്രധാന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശമാനത്തില്‍ അധികം നടക്കുന്ന ഹോര്‍മുസ് അടച്ചതോടെ ആഗോള വിപണിയില്‍ തന്നെ എണ്ണ പ്രതിസന്ധി രൂക്ഷമായി. ഇരു വിഭാഗവും ശക്തമായ ആക്രമണം തുടരുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പാക് മധ്യസ്ഥതയില്‍ യുദ്ധത്തിന് താല്‍ക്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്.പിന്നാലെ തുടര്‍ ചര്‍ച്ചകളും നിശ്ചയിച്ചു.
iran us ceasefire talks end without agreement vice president jd vance confirms failure as us delegation returns raising tensions and uncertainty
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."