ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇറാന് തിടുക്കമില്ല, പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍' പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്
ഇസ്‌ലാമാബാദ്: അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇറാന് 'തിടുക്ക'മില്ലെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്. 'പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണ്' ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ന്യായമായ ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഇറാന്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ യു.എസ് തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തി. ഇറാനിന് ന്യായമായി തോന്നുന്ന ഒരു കരാര്‍ എന്ന ധാരണയില്‍ അമേരിക്ക എത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി മാറില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചയില്‍ അമിതമായ ആവശ്യങ്ങളാണ് യു.എസ് മുന്നോട്ടുവെച്ചതെന്നും ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് സാധ്യമായ തീയതിയോ സ്ഥലമോ നിശ്ചയിച്ചിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം പൂര്‍ണായും അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് യു.എസ് മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഇറാന്‍ നിരസിക്കുകയായിരുന്നു. ലെബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല.
യുദ്ധത്തില്‍ വെടിനിര്‍ത്തലിന് യു.എസുമായി മറ്റൊരു ചര്‍ച്ച നടത്താന്‍ ഇറാന് പദ്ധതിയില്ലെന്ന് ഇറാനിയന്‍ പ്രതിനിധി സംഘത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ അമേരിക്കന്‍ സംഘം 'ഒരു ഒഴികഴിവ് തേടുകയായിരുന്നു'. ഇറാന്‍ പ്രതിനിധിസംഘത്തെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നു.
21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും ഇറാനുമായി ഒരു കരാറിലെത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് തന്റെ ചര്‍ച്ചാ സംഘം പാകിസ്ഥാന്‍ വിടുകയാണെന്നാണ് യു.എസ് വൈസ് പ്രസിഡന്റ് വാന്‍സ് ഞായറാഴ്ച വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് റൗണ്ട് ചര്‍ച്ചകളാണ് നടന്നത്. ഓരോന്നിനും ശേഷം ഇരുപക്ഷവും തമ്മില്‍ കുറിപ്പുകളുടെ കൈമാറ്റവും നടന്നിരുന്നു.
1979നു ശേഷം ആദ്യമായാണ് ഇറാനും യു.എസും നേരിട്ട് വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തുന്നത്. ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്ന ശേഷം അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇതാദ്യമാണ്. ഇന്നലെയാണ് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘവും ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗാച്ചിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ പ്രതിനിധി സംഘവും വെടിനിര്‍ത്തല്‍ തുടര്‍ ചര്‍ച്ചയ്ക്കായി ഇസ് ലാമാബാദിലെത്തിയത്. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാനും യു.എസും തമ്മില്‍ നേരിട്ടല്ലാതെ ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഇരു രാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്താന്‍ സന്നദ്ധരാണെന്ന് ഇന്നലെ അറിയിക്കുകയായിരുന്നു.
നേരത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി തയാറാക്കിയ 10ഇന നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനമെടുത്തു 15 ദിവസത്തിനകം നടപ്പാക്കുകയാണ് ഇപ്പോഴത്തെ ചര്‍ച്ചയുടെ ലക്ഷ്യമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നത്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ യു.എസ് പാലിച്ചിട്ടില്ലെന്നും ലബനാനില്‍ ആക്രമണം തുടരുകയാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ഹോര്‍മുസ് വഴി കപ്പലുകള്‍ കടന്നുപോയിട്ടില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
iran signals no immediate plans to resume talks with the us after failed ceasefire negotiations saying progress depends on washington amid ongoing tensions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."