'ആർഎസ്എസിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ഇടമില്ല?'; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ബിനോയ് വിശ്വം, വനിതാ സംവരണത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് നടത്തുന്ന നീക്കങ്ങൾ വെറും രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി ഉയർത്തുന്ന അവകാശവാദങ്ങൾ പൊള്ളയും വഞ്ചനാപരവുമാണെന്ന് അദ്ദേഹം ആരോപിച്ചു. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് ബിനോയ് വിശ്വം പ്രധാനമന്ത്രിക്കെതിരെ കടുത്ത ചോദ്യങ്ങൾ ഉയർത്തിയത്.
ബിനോയ് വിശ്വത്തിന്റെ ചോദ്യങ്ങൾ:
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ടാണ് രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ (RSS) സ്ത്രീകൾക്ക് അംഗത്വം നൽകാത്തിരിക്കുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു.അതുകൂടാതെ"സ്ത്രീകളെ മാറ്റിനിർത്തി 'രാഷ്ട്രീയ സ്വയം സേവികാ സമിതി' എന്ന പേരിൽ മറ്റൊരു സംഘടനയെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണ്? ആർഎസ്എസിലെ ഈ വിവേചനം നിലനിൽക്കെ പ്രധാനമന്ത്രി നടത്തുന്ന ഇത്തരം പ്രസ്താവനകൾ ആത്മാർത്ഥതയില്ലാത്തതാണെന്നാണ് ബിനോയ് വിശ്വം ചോദിക്കുന്നത്.
വ്യാഴാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് ഈ വിമർശനം ഉയർന്നിരിക്കുന്നത്.
ഖർഗെയും രംഗത്ത്; 'കൂടിയാലോചനകൾ നടന്നില്ല'
പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രംഗത്തെത്തിയിട്ടുണ്ട്. വനിതാ സംവരണത്തിൽ പിന്തുണ തേടി പ്രധാനമന്ത്രി അയച്ച കത്തിന് നൽകിയ മറുപടിയിലാണ് ഖർഗെ തന്റെ വിയോജിപ്പ് അറിയിച്ചത്.
ഖർഗെ വനിതാ സംവരണ ബില്ലിനെ എതിർക്കാനുള്ള കാരണങ്ങൾ ഇതാണ്. മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് വ്യക്തതയില്ലാതെ ബിൽ കൊണ്ടുവരുന്നത് ശരിയല്ലെന്ന് ഖർഗെ ചൂണ്ടിക്കാട്ടുന്നു.കൂടാതെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർത്താനുള്ള നീക്കം പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ബംഗാൾ വോട്ടെടുപ്പിന് ശേഷം സർവ്വകക്ഷി യോഗം വിളിച്ച് സീറ്റ് വർദ്ധനവിനെക്കുറിച്ച് ചർച്ച ചെയ്യണം. ഇതിന് ശേഷം മാത്രം പാർലമെന്റ് സമ്മേളനം മതിയെന്നാണ് കോൺഗ്രസ് നിലപാടെത്തിരിക്കുന്നത്.
ബിജെപിയുടെ 'വിപ്പ്'; വിട്ടുവീഴ്ചക്കില്ല
പ്രതിപക്ഷ വിമർശനങ്ങൾക്കിടയിലും ബില്ലുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിൽ നിർബന്ധമായും ഹാജരാകണമെന്ന് നിർദ്ദേശിച്ച് ബിജെപി തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.ഇതിനെതിരെ ബുധനാഴ്ച ഡൽഹിയിൽ ഖർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ യോഗം ചേർന്ന് സംയുക്ത നിലപാട് പ്രഖ്യാപിക്കും.
2029 മുതൽ സംവരണം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ധൃതിപിടിച്ച നീക്കമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."