യുവതിയുടെ ബ്ലാക്ക് മെയിലിംഗ്: ഫിറ്റ്‌നസ് ട്രെയിനർ ജീവനൊടുക്കി; പരാതിയുമായി കുടുംബം
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഫിറ്റ്‌നസ് ട്രെയിനറായ ദിലീപിനെ (28) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ വിവാഹിതയായ ഒരു യുവതിയുടെ നിരന്തരമായ പീഡനമാണെന്ന് ബന്ധുക്കളുടെ ആരോപിക്കുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത്:
42 വയസ്സുകാരിയായ യുവതിയുമായി ദിലീപ് ജിമ്മിൽ വെച്ച് പരിചയപ്പെട്ടത്. ഈ യുവതിയുമായുള്ള ബന്ധം പിന്നീട് സാമ്പത്തിക ഇടപാടുകളിലേക്കും തർക്കങ്ങളിലേക്കും നീങ്ങുകയായിരുന്നു.അതിനെ തുടർന്ന് യുവതി പണം ആവശ്യപ്പെട്ട് ദിലീപിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരി ആരോപിക്കുന്നു.
നേരത്തെ ഈ യുവതിയും ദിലീപും തമ്മിൽ ഇതേ വിഷയത്തിൽ തർക്കമുണ്ടായിരുന്നു. അന്ന് പൊലിസ് സ്റ്റേഷനിൽ വെച്ച് യുവതിയുടെ ഭർത്താവിന്റെ സാന്നിധ്യത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും യുവതി മാനസിക പീഡനം തുടർന്നതായാണ് വിവരം.
മരണവിവരം അറിഞ്ഞത് ഇൻസ്റ്റഗ്രാമിലൂടെ:
ദിലീപിന്റെ മരണം കുടുംബം അറിയുന്നത് അവിചാരിതമായാണ്. ഒരു യുവതി ദിലീപിന്റെ സഹോദരിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ച സന്ദേശത്തിലൂടെയാണ് വിവരം പുറത്തുവന്നത്. തുടർന്ന് മുറി തുറന്നു പരിശോധിച്ചപ്പോഴാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അന്വേഷണം പുരോഗമിക്കുന്നു:
ബെംഗളൂരു പൊലിസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. ദിലീപിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. യുവതിയുമായി നടത്തിയ ചാറ്റുകളും കോളുകളും പൊലിസ് പരിശോധിക്കുന്നുണ്ട്.
"കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. ദിലീപിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടത് ആ യുവതിയുടെ ബ്ലാക്ക് മെയിലിംഗാണെന്നാണ്." ദിലീപിന്റെ ബന്ധുക്കൾ പറയുന്നത്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."