'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്
ലണ്ടൻ: ടോട്ടൻഹാമിൽ നിന്ന് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിലേക്കുള്ള ഹാരി കെയ്‌നിന്റെ കൂടുമാറ്റം അദ്ദേഹത്തെ ബാലൺ ഡി ഓർ പുരസ്കാരം നേട്ടത്തിന് അർഹനാക്കുമെന്ന് ബ്രൂണോ ഫെർണാണ്ടസ്. സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ഇംഗ്ലണ്ട് സൂപ്പർ താരത്തിന്റെ കരിയറിലെ നിർണ്ണായക തീരുമാനത്തെക്കുറിച്ച് സംസാരിച്ചത്.
ബാലൺ ഡി ഓർ സ്വപ്നം
ടോട്ടൻഹാമിൽ ഗോളുകൾ അടിച്ചു കൂട്ടുമ്പോഴും കിരീടങ്ങളുടെ അഭാവം കെയ്‌നിന്റെ കരിയറിൽ വലിയൊരു കുറവായിരുന്നു. എന്നാൽ ബയേണിലെത്തിയതോടെ ഈ സ്ഥിതി മാറിയതായി ബ്രൂണോ പറയുന്നു.
"ഒന്നോ രണ്ടോ സീസൺ കൂടി ടോട്ടൻഹാമിൽ ഹാരി കെയ്ൻ തുടർന്നിരുന്നെങ്കിൽ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാകുമായിരുന്നു. എന്നാൽ കീരിടങ്ങൾ നേടാനുള്ള സാധ്യത മുന്നിൽ കണ്ട് അദ്ദേഹം ബയേണിലേക്ക് പോയി. ഇപ്പോൾ അദ്ദേഹം ടോട്ടൻഹാമിലെ അതേ ഗോൾ വേട്ട തുടരുന്നു, ഒപ്പം കിരീടങ്ങളും നേടുന്നു. ഇത് ഹാരി കെയ്‌നിനെ ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹനാക്കിയേക്കാം."ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.
റെക്കോർഡുകൾക്ക് മുകളിൽ കിരീടങ്ങൾ
പ്രീമിയർ ലീഗിൽ 213 ഗോളുകൾ നേടിയ കെയ്ൻ, അലൻ ഷിയററുടെ (260 ഗോളുകൾ) റെക്കോർഡിന് തൊട്ടടുത്ത് എത്തി നിൽക്കുമ്പോഴാണ് പ്രീമിയർ ലീഗ് കളം വിട്ട് ബുണ്ടസ് ലീഗയിലേക്ക് ചേക്കേറിയത്. ഇത് വ്യക്തിഗത റെക്കോർഡുകളെക്കാൾ ടീമിനൊപ്പമുള്ള വിജയങ്ങൾക്കാണ് കെയ്ൻ മുൻഗണന നൽകിയത് എന്നുള്ളതിന് തെളിവാണ്. 2023-ൽ 110 മില്യൺ യൂറോയ്ക്കാണ് താരം ജർമ്മനിയിലേക്ക് മാറിയത്.
ബയേണിലെ മിന്നും പ്രകടനം
ബയേൺ മ്യൂണിക്കിൽ എത്തിയതിന് ശേഷം കെയ്ൻ തന്റെ ഗോൾ വേട്ടയുടെ മൂർച്ച കൂട്ടിയിട്ടേയുള്ളൂ.സീസണിലെ കണക്കുകൾ പ്രകാരം 46 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളാണ് നേടിയത്.2024-25 സീസണിലെ ബുണ്ടസ്‌ലിഗ ഉൾപ്പെടെ രണ്ട് പ്രധാന കിരീടങ്ങൾ ഇതിനോടകം കെയ്ൻ സ്വന്തമാക്കി കഴിഞ്ഞു.ബയേണിനെ ഈ സീസണിൽ ട്രെബിൾ നേട്ടത്തിലേക്ക് നയിക്കാനുള്ള കഠിന പരിശ്രമത്തിലാണ് താരം.
ഒരു ദശാബ്ദക്കാലം ടോട്ടൻഹാമിൽ തുടർന്നപ്പോൾ ലഭിക്കാത്ത അംഗീകാരങ്ങളും കിരീടങ്ങളും ബയേണിലെ ഈ ചെറിയ കാലയളവിൽ കെയ്‌നിനെ തേടിയെത്തുന്നത് കായിക ലോകം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."