മാസ ശമ്പളം 15000ലും താഴെ; പന്ത്രണ്ട് മണിക്കൂര്‍ ജോലിയും; യുപിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് തൊഴിലാളികള്‍
നോയിഡ: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് തൊഴിലാളികള്‍. എട്ട് മണിക്കൂര്‍ തൊഴില്‍ സമയം നടപ്പിലാക്കുക, മതിയായ വേതനം നല്‍കുക എന്നീ ആവശ്യങ്ങളുയര്‍ത്തി നൂറ് കണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രധാന റോഡുകളിലെ ഗതാഗതം സ്തംഭിപ്പിച്ച പ്രതിഷേധക്കാര്‍, പൊലിസുമായി ഏറ്റുമുട്ടി.
ഹരിയാന സര്‍ക്കാര്‍ മിനിമം വേതനം നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നോയിഡയിലെ തൊഴിലാളികളും സമാന ആവശ്യവുമായി രംഗത്തെത്തിയത്. നിരവധി വ്യവസായിക യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്ന ഫേസ് 2വിലെ ചില തൊഴിലാളികള്‍ പൊലിസ് വാനുകള്‍ ഉള്‍പ്പെടെ തകര്‍ക്കുകയും, കെട്ടിടങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ പ്രതിഷേധം അക്രമാസക്തമായി.
സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കുമ്പോഴും, ശമ്പളത്തില്‍ വര്‍ധനവില്ലെന്നാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും പ്രതിമാസം 15,000 രൂപയില്‍ താഴെയാണ് ശമ്പളം. ഈ തുക ജീവിതച്ചെലവിന് മതിയാകാത്ത സാഹചര്യമാണുള്ളത്. ദിവസവും പന്ത്രണ്ട് മണിക്കൂറാണ് പല കമ്പനികളിലും ജോലിസമയം. ഓവര്‍ടൈം ജോലിക്ക് മിക്ക കമ്പനികളും പണം നല്‍കുന്നില്ല. ശരിയായ സമയത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്നും, സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷിതത്വമില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
എട്ട് മണിക്കൂര്‍ ഷിഫ്റ്റ് നടപ്പിലാക്കുക, ദിവസ വേതനം നിലവിലുള്ള 300-400 സ്‌കെയിലില്‍ നിന്ന് കുറഞ്ഞത് 800 രൂപയാക്കി ഉയര്‍ത്തുക, മാസ ശമ്പളം 20000ന് മുകളില്‍ ഉയര്‍ത്തുക എന്നിവയാണ് തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.
അതേസമയം പ്രതിഷേധക്കാരോട് സംസാരിച്ചതായും, സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടതായും നോയിഡ പൊലിസ് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെ പ്രതിഷേധ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും, സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
workers staged a protest on the streets in noida, uttar pradesh, demanding a salary hike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."