''പേര്‍ഷ്യന്‍ ഗള്‍ഫിലെയും, ഒമാന്‍ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല''; ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുമെന്ന അമേരിക്കന്‍ ഭീഷണിക്ക് മറുപടിയുമായി ഐആര്‍ജിസി
തെഹ്‌റാന്‍: ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുമെന്ന അമേരിക്കന്‍ ഭീഷണിക്ക് കടുത്ത മറുപടിയുമായി ഐആര്‍ജിസി. തങ്ങളുടെ തുറമുഖങ്ങള്‍ക്കോ, തീരപ്രദേശങ്ങള്‍ക്കോ ഭീഷണി നേരിട്ടാല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെയും, ഒമാന്‍ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി. പാകിസ്താനില്‍ വെച്ച് നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി.
ഇറാനുമേല്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റിയ അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ ഗതാഗതം തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് അയല്‍രാജ്യങ്ങളിലെയും, മറ്റ് പ്രാദേശിക തുറമുഖങ്ങളിലെയും കപ്പല്‍ ഗതാഗതം സുരക്ഷിതമായിരിക്കില്ലെന്ന് ഐആര്‍ജിസി വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയിലെ സമുദ്ര സുരക്ഷ പങ്കിടേണ്ട ഒന്നാണെന്നും ഏകപക്ഷീയമായ നീക്കങ്ങള്‍ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും ഇറാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷ എല്ലാവര്‍ക്കും ഇല്ലെങ്കില്‍ ആര്‍ക്കുമില്ലെന്നാണ് ഇറാന്റെ നിലപാട്. പേര്‍ഷ്യന്‍ ഗള്‍ഫിലെയും ഒമാന്‍ കടലിലെയും സുരക്ഷാ സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകണം. ഇറാനെ ഒറ്റപ്പെടുത്തി ഉപരോധം ഏര്‍പ്പെടുത്തിയാല്‍ മേഖലയിലെ സമാധാനം തകരുമെന്നും ഇറാന്‍ വ്യക്തമാക്കി.
അതേസമയം അമേരിക്കന്‍ ഉപരോധം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനെതിരായ ഉപരോധങ്ങളുടെ ഭാഗമാകില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.
irgc issued a strong response to the united states threat to blockade iranian ports
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."