സനൂജയുടെ കൊലപാതകം: പ്രതി അബ്ദുല്‍ സലീം പിടിയില്‍
കരുനാഗപ്പള്ളി: കുലശേഖരപുരം സ്വദേശിനി സനൂജയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് കടത്തൂര്‍ തൈക്കൂട്ടത്തില്‍ അബ്ദുല്‍ സലീം (35) പിടിയില്‍.
ഇയാള്‍ തമിഴ്‌നാട്ടിലെ കുറ്റാലത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുണ്ടറയിലുള്ള സഹോദരിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പിടിയിലായത്.
ജൂലൈ ആറിന് രാത്രി 10നാണ് വെട്ടോളിശ്ശേരി അബ്ദുല്‍ സമദ് സീനത്ത് ദമ്പതികളുടെ മകള്‍ സനൂജ (26) ഭര്‍ത്താവ് അബ്ദുല്‍ സലീമിന്റെ ക്രൂര മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ശേഷം മൃതദേഹം കെട്ടി തൂക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിക്കാതിരുന്നതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കൊലപാതകം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലിസിന്
പ്രതിയെ പിടികൂടാന്‍ കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു.
കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എ.സി.പി എസ്. ശിവപ്രസാദ്, സി.ഐ എം.അനില്‍കുമാര്‍, എസ്.ഐമാരായ പി.രാജേഷ്, ബി.ബജിത്ത് ലാല്‍, അഡി. എസ്.ഐ കെ രാജശേഖരന്‍ പിള്ള, അസി. എസ്.ഐമാരായ മദന്‍, പ്രസന്നന്‍ എന്നിവരടങ്ങുന്ന സംഘം കുണ്ടറ എസ്.ഐ രമേശ് കുമാറിന്റെ
സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുമായി പൊലിസ് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."