ചികിത്സയ്‌ക്കെത്തുന്ന രോഗികൾ 'ജയ് ശ്രീറാം' വിളിച്ചാൽ ചികിത്സാ ഫീസിൽ ഇളവ്; കൊൽക്കത്തയിലെ ഡോക്ടറുടെ നടപടി വിവാദത്തിൽ
കൊൽക്കത്ത: ചികിത്സയ്‌ക്കെത്തുന്ന രോഗികൾ 'ജയ് ശ്രീറാം' വിളിച്ചാൽ കൺസൾട്ടേഷൻ ഫീസിൽ 500 രൂപ ഇളവ് പ്രഖ്യാപിച്ച് പശ്ചിമ ബംഗാളിലെ പ്രമുഖ കാർഡിയോളജിസ്റ്റ്. കൊൽക്കത്തയിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി ഡയറക്ടറായ ഡോ. പ്രകാശ് കുമാർ ഹസ്രയാണ് തന്റെ സ്വകാര്യ ക്ലിനിക്കിൽ ഈ വിചിത്രമായ ഓഫർ മുന്നോട്ടുവെച്ചത്. ഞായറാഴ്ച ക്യു.ആർ കോഡ് സഹിതമുള്ള പോസ്റ്ററിലൂടെയായിരുന്നു പ്രഖ്യാപനം.
പ്രചോദനം മോദിയും ബിജെപിയും
തിങ്കളാഴ്ച തന്റെ അടുത്തെത്തിയ മൂന്ന് രോഗികൾക്ക് ഇത്തരത്തിൽ ഇളവ് നൽകിയതായി ഡോക്ടർ അവകാശപ്പെടുന്നു. തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.'ജയ് ശ്രീറാം' എന്നത് വെറുമൊരു മതപരമായ മുദ്രാവാക്യമല്ല, അതൊരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും.പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ബിജെപിയിൽ നിന്നുമാണ് തനിക്ക് ഈ ആശയത്തിനുള്ള പ്രചോദനം ലഭിച്ചതെന്നുമാണ് ഡോക്ടറുടെ വാദം.
Kolkata, West Bengal: On Discount for Patients who chant 'Jai Shree Ram', TMC Leader Santanu Sen says, "It's absolutely against the medical ethics and it's absolutely against the medical code of conduct, professional code of conduct. Because after passing MBBS, every doctor has… pic.twitter.com/eVLCd69nUC
— IANS (@ians_india) April 13, 2026
സിപിഎം അനുഭാവികളായ ഡോക്ടർമാർ 'ലാൽ സലാം' എന്ന് പറയാറുണ്ടെന്നും, തനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ മുദ്രാവാക്യം ഉയർത്താൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന് നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട സർക്കാർ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണയായി 1,000 രൂപയാണ് ഡോ. ഹസ്ര ഫീസ് ഈടാക്കുന്നത്. എന്നാൽ 'ജയ് ശ്രീറാം' വിളിക്കുന്നവർക്ക് 500 രൂപ നൽകിയാൽ മതിയാകും.
രൂക്ഷവിമർശനവുമായി ടിഎംസി; 'മെഡിക്കൽ എത്തിക്‌സിന് വിരുദ്ധം'
ഡോക്ടറുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഡോ. ഹസ്രയുടെ നടപടി മെഡിക്കൽ ധാർമ്മികതയ്ക്കും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ടിഎംസി നേതാവ് ഡോ. ശാന്തനു സെൻ പ്രതികരിച്ചു.
"ഇത് മെഡിക്കൽ എത്തിക്‌സിന് നിരക്കാത്തതാണ്. എംബിബിഎസ് പൂർത്തിയാക്കുമ്പോൾ ഓരോ ഡോക്ടറും 'ഹിപ്പോക്രാറ്റിക് പ്രതിജ്ഞ' എടുക്കുന്നുണ്ട്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ രോഗികളെ ചികിത്സിക്കുമെന്നാണ് അതിൽ പറയുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും രാഷ്ട്രീയത്തിൽ വിശ്വസിക്കാനോ പ്രചാരണം നടത്താനോ അവകാശമുണ്ട്, എന്നാൽ അത് ചികിത്സയുമായി കലർത്തുന്നത് പ്രൊഫഷണൽ പെരുമാറ്റച്ചട്ട ലംഘനമാണെന്ന്." ഡോ. ശാന്തനു സെൻ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."