ആൻഫീൽഡ് വിടാനോരുങ്ങി ഇതിഹാസം; ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് എന്ന് റിപ്പോർട്ടുകൾ
ലിവർപൂൾ: പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിന്റെ വിശ്വസ്തനായ ഗോൾകീപ്പർ അലിസൺ ബെക്കർ ഈ സീസണൊടുവിൽ ക്ലബ് വിടാനൊരുങ്ങുന്നതായി സൂചന. എട്ടു വർഷത്തെ കരിയറിന് ശേഷം ബ്രസീലിയൻ താരം ഇറ്റാലിയൻ സീരി എയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. സീരി എയിലെ കരുത്തരായ യുവന്റസുമായി താരം ചർച്ചകൾ തുടങ്ങിയതായാണ് അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തിരിച്ചുവരവ് ലക്ഷ്യമിട്ട് അലിസൺ
33 കാരനായ അലിസൺ, തന്റെ പഴയ പരിശീലകനായ ലൂസിയാനോ സ്പാലെറ്റിയുമായി യുവന്റസിൽ വീണ്ടും ഒന്നിക്കാൻ താൽപ്പര്യപ്പെടുന്നു. നേരത്തെ എ.എസ്. റോമയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ലിവർപൂളുമായി 2027 വരെ കരാറുണ്ടെങ്കിലും, തന്റെ കരിയറിലെ പുതിയൊരു അധ്യായത്തിനായി ഇറ്റലിയിലേക്ക് മടങ്ങാനാണ് താരം ആഗ്രഹിക്കുന്നത്.
വരാനിരിക്കുന്ന സീസണിൽ ജോർജിയൻ ഗോൾകീപ്പർ ജോർജി മമർദാഷ്‌വിലി ലിവർപൂളിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറാകുമെന്ന് ഉറപ്പായതോടെയാണ് അലിസൺ ടീം വിടാൻ ഒരുങ്ങുന്നത്.മൂന്ന് വർഷത്തെ കരാറാണ് യുവന്റസ് അലിസണ് മുന്നിൽ വെച്ചിരിക്കുന്നത്. നിലവിലെ ഗോൾകീപ്പർ മിഷേൽ ഡി ഗ്രിഗോറിയോയ്ക്ക് പകരക്കാരനായാണ് ബ്രസീലിയൻ താരത്തെ ഇറ്റാലിയൻ ക്ലബ് ലക്ഷ്യമിടുന്നത്.പേശികൾക്കേറ്റ പരിക്ക് കാരണം പി.എസ്.ജിക്കെതിരായ നിർണ്ണായക ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ അലിസൺ കളിച്ചേക്കില്ല. പകരം മമർദാഷ്‌വിലി ലിവർപൂൾ വലകാക്കും.
സലാഹിന് പകരം പുലിസിക്? നിർദ്ദേശവുമായി എമിൽ ഹെസ്കി
ഈ വേനൽക്കാലത്ത് ലിവർപൂൾ വിടുമെന്ന് കരുതപ്പെടുന്ന സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹിന് പകരക്കാരനായി എസി മിലാന്റെ അമേരിക്കൻ താരം ക്രിസ്റ്റിൻ പുലിസിക്കിനെ എത്തിക്കണമെന്ന് മുൻ ലിവർപൂൾ താരം എമിൽ ഹെസ്കി.
ഹെസ്കിയുടെ പുലിസിക്കിനെക്കുറിച്ച് പറഞ്ഞത് "മുഹമ്മദ് സലാഹിനെപ്പോലെ തന്നെ ചെൽസി വിട്ട് ഇറ്റലിയിലെത്തി മികച്ച പ്രകടനം നടത്തുന്ന താരമാണ് പുലിസിക്. ചെൽസിയിലെ തന്റെ പ്രകടനം ഒരു ചെറിയ പിഴവ് മാത്രമായിരുന്നു എന്ന് തെളിയിക്കാൻ പ്രീമിയർ ലീഗിലേക്കുള്ള മടക്കം അദ്ദേഹത്തിന് ഗുണകരമാകും."
2023-ൽ ചെൽസി വിട്ടതിന് ശേഷം മിലാനു വേണ്ടി തകർപ്പൻ ഫോമിലാണ് പുലിസിക്. സലാഹിന് നൽകാൻ കഴിയുന്നതിനേക്കാൾ വ്യത്യസ്തമായ എന്തെങ്കിലും ടീമിന് നൽകാൻ പുലിസിക്കിന് കഴിയുമെന്നും ഹെസ്കി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."