സച്ചിനെ വീഴ്താനോരുങ്ങി ഇന്ത്യയുടെ വിസ്മയ ബാലൻ; ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ഉടൻ!
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ ബാലൻ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിനുള്ള ടീമിൽ 15 വയസ്സുകാരനായ വൈഭവിനെ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതോടെ, ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരം എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വൈഭവിന് മുന്നിൽ തകരും.
സെലക്ടർമാരുടെ കണ്ണിലുണ്ണി; അയർലൻഡ് പര്യടനത്തിന് സാധ്യത
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യുവതാരങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് വൈഭവിനെ പരിഗണിക്കുന്നത്. "അയർലൻഡ് പര്യടനത്തിനുള്ള സാധ്യത പട്ടികയിൽ വൈഭവ് സൂര്യവംശിയുടെ പേരുണ്ട്," എന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. അയർലൻഡിന് പിന്നാലെ സിംബാബ്‌വെ പര്യടനത്തിലും വൈഭവ് ടീമിന്റെ ഭാഗമായേക്കും.
ഐപിഎൽ 2026-ലെ തകർപ്പൻ പ്രകടനം
രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് വൈഭവിനെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
ആർസിബിക്കെതിരെയുള്ള 26 പന്തിൽ 78 റൺസ് ഇന്നിംഗ്സും,സിഎസ്കെക്കെതിരെയുള്ള 17 പന്തിൽ 52 റൺസ്,മുംബൈ ഇന്ത്യൻസിനെതിരെയുള്ള 14 പന്തിൽ 39 റൺസ് എന്നി തകർപ്പൻ പ്രകടനത്തെത്തുടർന്ന് ഇർഫാൻ പത്താൻ, അനിൽ കുംബ്ലെ തുടങ്ങിയ മുൻ താരങ്ങൾ വൈഭവിനെ ഉടൻ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സച്ചിന്റെയും ഷഫാലിയുടെയും റെക്കോർഡുകൾ ഭീഷണിയിൽ
നിലവിൽ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കറാണ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര പുരുഷ താരം. വനിതകളിൽ 15 വയസ്സും ഏഴ് മാസവും പ്രായമുള്ളപ്പോൾ കളത്തിലിറങ്ങിയ ഷഫാലി വർമ്മയുടെ പേരിലാണ് ദേശീയ റെക്കോർഡ്. വൈഭവ് അയർലൻഡിനെതിരെ കളത്തിലിറങ്ങിയാൽ ഈ രണ്ട് റെക്കോർഡുകളും പഴങ്കഥയാകും.
ഐപിഎൽ ചെയർമാൻ അരുൺ ധുമാലിന്റെ വാക്കുകൾ:
"ഐപിഎൽ 2026-ൽ വൈഭവ് കാഴ്ചവെച്ചത് അത്ഭുതകരമായ പ്രകടനമാണ്. ഇത്രയും ചെറിയ പ്രായത്തിൽ ഈ പ്രതിഭയെ കണ്ടെത്താനായത് അപൂർവ്വമാണ്. ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ അവൻ തീർച്ചയായും അർഹനാണ്."
അയർലൻഡ് പരമ്പരയ്ക്ക് ശേഷം ജൂലൈ ഒന്നു മുതൽ ഇന്ത്യ ഇംഗ്ലണ്ട് പര്യടനവും നടത്തുന്നുണ്ട്. മുതിർന്ന താരങ്ങൾ ഇംഗ്ലണ്ട് പരമ്പരയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."