കാൻസർ മരുന്നിന്റെ മറവിൽ രാജ്യത്ത് കോടികളുടെ തട്ടിപ്പ്; ഒന്നര ലക്ഷത്തിന്റെ മരുന്നിൽ വെറും ആന്റിഫംഗൽ ദ്രാവകം
ന്യൂഡൽഹി: അർബുദത്തോട് മല്ലിടുന്ന നിരാശരായ രോഗികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് വൻകിട വ്യാജ മരുന്ന് മാഫിയ രാജ്യത്ത് സജീവം. ലോകപ്രശസ്ത ഔഷധ കമ്പനിയായ മെർക്കിന്റെ (MSD) 'കീട്രൂഡ' (Keytruda) എന്ന വിലകൂടിയ ഇമ്മ്യൂണോതെറാപ്പി മരുന്നിന്റെ പേരിലാണ് കോടികളുടെ തട്ടിപ്പ് നടക്കുന്നത്. ഒരു കുപ്പിക്ക് ഒന്നര ലക്ഷം രൂപയിലധികം വിലവരുന്ന മരുന്നിന്റെ ഒഴിഞ്ഞ കുപ്പികൾ ശേഖരിച്ച് അതിൽ ആന്റിഫംഗൽ മരുന്നുകൾ നിറച്ച് വിറ്റഴിക്കുന്ന വൻ റാക്കറ്റാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പിടിമുറുക്കിയിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പഞ്ചാബിലെ ആ കുടുംബത്തിന് സംഭവിച്ചത്
ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആറിൽ കരളിനെ ബാധിച്ച അർബുദത്തിന് ചികിത്സയിലായിരുന്ന 56 വയസ്സുള്ള വീട്ടമ്മയുടെ കുടുംബം നേരിട്ടത് സമാനതകളില്ലാത്ത വഞ്ചനയാണ്. ഡോക്ടർ നിർദ്ദേശിച്ച കീട്രൂഡയ്ക്ക് വിപണിയിൽ ഭീമമായ വിലയായതിനാൽ, ഒരു ലോക്കൽ മെഡിക്കൽ സ്റ്റോറിൽ നിന്നും 'ഡിസ്കൗണ്ട്' നിരക്കിൽ 12 കുപ്പി മരുന്ന് ഇവർ വാങ്ങി. ഇതിനായി 16 ലക്ഷം രൂപയാണ് ആ കുടുംബം ചെലവാക്കിയത്. എന്നാൽ ഡൽഹി പൊലിസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവന്നത്. അമ്മയുടെ ജീവൻ രക്ഷിക്കാൻ നൽകിയ മരുന്നുകൾ കേവലം ആന്റിഫംഗൽ ദ്രാവകങ്ങൾ മാത്രമായിരുന്നുവെന്ന് പൊലിസ് കണ്ടെത്തി.
ആശുപത്രി ജീവനക്കാരും ഫാർമസിസ്റ്റുകളും പങ്കാളികൾ?
പ്രമുഖ ആശുപത്രികളിൽ രോഗികൾക്ക് നൽകിയ ശേഷം വലിച്ചെറിയുന്ന കീട്രൂഡയുടെ കുപ്പികളും ബാച്ച് നമ്പറുകളും കൈക്കലാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. ആശുപത്രികളിലെ താഴെത്തട്ടിലുള്ള ജീവനക്കാരും ഫാർമസിസ്റ്റുകളും ഇടനിലക്കാരും ചേർന്നുള്ള വലിയ ഒരു കൂട്ടുകെട്ട് തന്നെ ഇതിന് പിന്നിലുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. വ്യാജ മരുന്ന് നിർമ്മിക്കാൻ വെറും 850 രൂപ താഴെ മാത്രമേ ചിലവാകൂ. എന്നാൽ രോഗികളിൽ നിന്ന് ലക്ഷങ്ങളാണ് ഇവർ തട്ടിയെടുക്കുന്നത്.
നേപ്പാളിലെ പിയയുടെ കണ്ണീർ
അമ്മയുടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവാക്കിയ പിയ എന്ന യുവതിയുടെ കഥയും സമാനമാണ്. ഇന്ത്യയിലെ ഒരു ആശുപത്രി ജീവനക്കാരൻ വഴിയാണ് ഇവർ മരുന്ന് വാങ്ങുന്നത്. മാസങ്ങളോളം മരുന്ന് നൽകിയിട്ടും അമ്മയുടെ ആരോഗ്യത്തിൽ പുരോഗതി ഒന്നും കണ്ടില്ല. ഒടുവിൽ അമ്മ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് താൻ നൽകിയത് വ്യാജ മരുന്നാണെന്ന് എന്ന ഭീകരമായ സത്യം പിയ തിരിച്ചറിയുന്നത്. "എന്റെ അമ്മയ്ക്ക് ഞാൻ വ്യാജ മരുന്നാണോ നൽകിയത്?" എന്ന ചോദ്യം പിയയെ ഇന്നും വേട്ടയാടുന്നുണ്ട്.
എന്തുകൊണ്ട് കീട്രൂഡ ലക്ഷ്യമിടുന്നു?
ശ്വാസകോശം, സ്തനം, വൃക്ക തുടങ്ങിയ മനുഷ്യ ശരീരത്തിലെ പത്തിലധികം അവയവങ്ങൾക്ക് ഈ മരുന്ന ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ മരുന്നിന് ആഗോളതലത്തിൽ വൻ ഡിമാൻഡും ഉയർന്ന വിലയുമാണ്. അതുകൊണ്ട് സാധാരണക്കാരായ ജനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമ്പോൾ ഇത്തരക്കാരുടെ ചതിയിൽ അകപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇനി കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ രോഗി മരിച്ചാൽ അത് രോഗം മൂലമാണോ അതോ വ്യാജ മരുന്ന് മൂലമാണോ എന്ന് തിരിച്ചറിയുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. ഇത് മാഫിയയ്ക്ക് 'സുരക്ഷിതമായ' തട്ടിക്കൂട്ടിന് വലിയ അവസരമാണ് ഒരുക്കുന്നത്.
കാൻസറിന് മരുന്ന് വിൽക്കുന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം രോഗികൾക്ക് നൽകുന്നതിൽ നിരവധി കടമ്പകൾ മറികടക്കേണ്ടതുണ്ട്. കൂടാതെ മരുന്ന് ലഭ്യത സങ്കീർണ്ണമായ പേപ്പർ വർക്കുകൾ നിറഞ്ഞതാണ്. ഇത് രോഗികളെ പുറത്ത് നിന്നും മരുന്ന് വാങ്ങാൻ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു.
കുറ്റവാളികൾ ജീവൻരക്ഷാ മരുന്നുകളെ ലക്ഷ്യമിടുന്നത് ലാഭം മാത്രം നോക്കിയാണെന്ന് മെർക്കിന്റെ സുരക്ഷാ വിഭാഗം പ്രതികരിച്ചു. തങ്ങളുടെ മരുന്നുകൾക്ക് ഉത്തരവാദിത്തപരമായ വിലയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാലും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറം വിലയാണ് വ്യാജ വിപണിക്ക് വളമാകുന്നത് എന്ന ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്.
2050-ഓടെ കാൻസർ നിരക്ക് 77 ശതമാനം വർദ്ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം വ്യാജ മരുന്ന് വിപണികൾ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വൻകിട ആശുപത്രികളിൽ നിന്ന് രോഗികൾക്ക് നൽകുന്ന മരുന്നിന്റെ ഒഴിഞ്ഞ കുപ്പികൾ എങ്ങനെ പുറത്തെത്തുന്നു എന്നതിൽ കർശനമായ പരിശോധന വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
a massive medical racket has been uncovered involving the sale of counterfeit 'keytruda,' a life-saving immunotherapy drug. investigation reveals that a nexus of pharmacists and hospital staff has been collecting authentic empty vials and refilling them with cheap antifungal liquids.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."