വിവാഹത്തിന് ദിവസങ്ങൾ മാത്രം: യൂത്ത് കോൺഗ്രസ് നേതാവിനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതിയുൾപ്പെടെ 9 പേർ അറസ്റ്റിൽ
ധാർവാഡ്: വിവാഹനിശ്ചയം കഴിഞ്ഞ് മംഗല്യപ്പന്തലിലേക്ക് കയറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവ് അതിക്രൂരമായി കൊല്ലപ്പെട്ടു. ധാർവാഡ് സ്വദേശി ഫിറോസ് ഖാൻ പത്താനാണ് (34) സ്വന്തം വീട്ടിനുള്ളിൽ വെച്ച് അക്രമിസംഘത്തിന്റെ വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മുഹമ്മദ് ഷാ ഉൾപ്പെടെ ഒൻപത് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഹുബ്ബള്ളി-ധാർവാഡ് പൊലിസ് കമ്മിഷണർ എൻ. ശശികുമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏപ്രിൽ 10-നായിരുന്നു സംഭവം. ധാർവാഡ് ഹാഷ്മിനഗറിലെ വീട്ടിൽ രാത്രി ഒൻപതരയോടെ പുറത്തിരിക്കുകയായിരുന്നു ഫിറോസ്. ഈ സമയം ആയുധങ്ങളുമായി എത്തിയ അക്രമിസംഘം ഇദ്ദേഹത്തെ ആക്രമിച്ചു. ജീവരക്ഷാർത്ഥം വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ ഫിറോസിനെ പിന്തുടർന്നെത്തിയ സംഘം, ഉമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഉമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റു.
കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഫിറോസിന്റെയും വീട്ടുകാരുടെയും മൊബൈൽ ഫോണുകൾ തട്ടിയെടുത്താണ് പ്രതികൾ രക്ഷപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ഏപ്രിൽ 24-നായിരുന്നു ഫിറോസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണ വസ്ത്രങ്ങൾ വാങ്ങുന്നതിനും ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്നതിനുമുള്ള തിരക്കിലായിരുന്നു അദ്ദേഹം. ഫിറോസിനൊപ്പം പുരുഷന്മാരായ ബന്ധുക്കൾ ഇല്ലാത്ത സമയം നോക്കിയാണ് പ്രതികൾ ആക്രമണം നടത്തിയത്. ദിവസങ്ങളോളം ഇദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലിസ് പറഞ്ഞു.
പ്രതികൾ പിടിയിൽ
മുഹമ്മദ് ഷാ, സയ്യിദ് ഗൗസ്, പർവേസ്, സമീർ, സദ്ദാം ഹുസൈൻ, കൈഫ്, അർബാസ്, സുഹൈൽ ഖാൻ, മക്തൂം എന്നിവരാണ് അറസ്റ്റിലായവർ. പിടിയിലായവരിൽ ഭൂരിഭാഗം പേരും മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
In a tragic incident in Dharwad, Karnataka, a 34-year-old Youth Congress leader, Feroz Khan Pathan, was brutally hacked to death inside his home just days before his wedding. The attack occurred on the night of April 10, while Feroz was busy with wedding preparations scheduled for April 24.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."