യാത്രാ തടസ്സം നീങ്ങി; വിവാഹത്തിനായി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്
കുവൈത്ത് സിറ്റി: വിസ നടപടികളിലെ കുരുക്ക് കാരണം സ്വന്തം വിവാഹത്തിന് നാട്ടിലെത്താൻ കഴിയുമോ എന്ന് ആശങ്കയിലായിരുന്ന തൃശൂർ സ്വദേശി ശ്വേതയുടെ യാത്രാ തടസ്സം നീങ്ങി. ഇന്ന് വൈകീട്ട് കുവൈത്തിൽ നിന്ന് സഊദിയിലെ ദമ്മാമിലേക്ക് പുറപ്പെട്ട ശ്വേത, ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ കൊച്ചിയിലെത്തും.
കുവൈത്ത് എയർവേയ്‌സ് ജീവനക്കാരിയായിരുന്ന ശ്വേത, ഈ മാസം 18-ന് നടക്കേണ്ട തന്റെ വിവാഹത്തിനായി ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ വിസ റദ്ദാക്കുന്ന നടപടികൾ വൈകിയതും മേഖലയിലെ സംഘർഷ സാഹചര്യങ്ങളും കാരണം യാത്ര അനിശ്ചിതത്വത്തിലായി. വിവാഹം നിശ്ചയിച്ച തീയതിയിൽ നടക്കുമോ എന്ന ആശങ്കയിലായിരുന്നു ശ്വേതയും കുടുംബവും.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എം.പിമാരായ ജോൺ ബ്രിട്ടാസ്, കെ.സി. വേണുഗോപാൽ, പി.പി. സുനീർ എന്നിവർ കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സുരേഷ് ഗോപി എം.പി എന്നിവർക്കും ശ്വേത സഹായം അഭ്യർത്ഥിച്ച് സന്ദേശം അയച്ചിരുന്നു.
സാമൂഹിക പ്രവർത്തകനായ ശറഫുദ്ധീൻ കണ്ണെത്ത് കുവൈത്ത് എയർവേയ്‌സ് അധികൃതരുമായി നടത്തിയ ചർച്ചയും ഫലം കണ്ടു. മാനുഷിക പരിഗണന കണക്കിലെടുത്ത് വിസ റദ്ദാക്കാതെ തന്നെ നാട്ടിലേക്ക് മടങ്ങാൻ അധികൃതർ അനുമതി നൽകുകയായിരുന്നു. വടകര സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായ അശ്വിനുമായാണ് ശ്വേതയുടെ വിവാഹം. ശനിയാഴ്ച തൃശൂരിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക.
after the travel ban was lifted, a woman named swetha returned from kuwait to her home country for her wedding.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."