അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്; പാചകവാതക പ്രതിസന്ധിക്കിടെ തുറന്ന ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ
കൊച്ചി: പാചകവാതകവിതരണം നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ഹോട്ടൽവ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി അതിഥിതൊഴിലാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുപോക്ക്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം നിർത്തിവച്ച് ഒരു മാസംപൂർത്തിയായിട്ടും വെറും അമ്പത് ശതമാനം മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നാണ് ഹോട്ടലുടമകൾ പരാതി പറയുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ മാത്രമാണ് സിലിണ്ടറുകൾ ഭേദപ്പെട്ടരീതിയിൽ വിതരണം ചെയ്യുന്നത്. വിഭവങ്ങൾ വെട്ടിക്കുറച്ചും പ്രവർത്തനസമയം ചുരുക്കിയുമൊക്കെ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതിനിടെ തെരഞ്ഞെടുപ്പിനെ തുടർന്ന് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് ഹോട്ടൽ വ്യവസായത്തിന് തിരിച്ചടിയായിരിക്കുന്നത്. അസമിലേക്കും പശ്ചിമബംഗാളിലേക്കുമൊക്കെ ആയിരക്കണക്കിന് തൊഴിലാളികളാണ് വോട്ടുരേഖപ്പെടുത്താൻ പോയത്. നാട്ടിൽപോയാൽ രണ്ടും മൂന്നും മാസമൊക്കെ കഴിഞ്ഞേ തിരികെവരൂ എന്നതാണ് ഇവരുടെ രീതി. അതുകൊണ്ടുതന്നെ ഇവരെ കൂട്ടത്തോടെ നാട്ടിലേക്ക് തൊഴിലുടമ വിടാറുമില്ല.എന്നാൽ ഇത്തവണ എസ്.ഐ.ആറിൻ്റെ പശ്ചാത്തലത്തിൽ ഇവരുടെ നിർബന്ധത്തിനുവഴങ്ങി കൂട്ടത്തോടെ അവധി നൽകുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്നതിൻ്റെ ഇരട്ടിക്കൂലിയാണ് നാട്ടിലെ തൊഴിലാളികൾക്ക് നൽകുന്നത് എന്നതിനാൽ പലരും മണിക്കൂർ കണക്കാക്കിയാണ് നാട്ടിലുള്ളവരെ ജോലിക്ക് നിർത്തിയിരിക്കുന്നത്. വിഭവങ്ങളുടെ എണ്ണം കുറച്ചും അളവ് കുറച്ചുമൊക്കെപിടിച്ചുനിൽക്കാൻ പെടാപാടുപെടുകയാണെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.
വിഷുസദ്യയുടെഎണ്ണവും പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. അതേസമയം പ്രതിസന്ധി മുതലാക്കി വിഭവങ്ങൾക്ക് വില ഇരട്ടിയോളം വർധിപ്പിച്ച ഹോട്ടലുകളുമുണ്ട്. മിക്കഹോട്ടലുകളുടെ മുന്നിലും പുതുക്കിയ വിലവിവരപ്പട്ടികയുംപ്രദർശിപ്പിച്ചിട്ടുണ്ട്. പാചകവാതകക്ഷാമത്തെതുടർന്ന് വില വർധിപ്പിക്കാൻ നിർബന്ധിതരായി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽപൊള്ളുന്നവില കാരണം ഹോട്ടലിലേക്ക് പോകാൻ മടിക്കുന്നവരും നിരവധിയാണ്. ചായയ്ക്ക് രണ്ടുമുതൽ അഞ്ചുരൂപവരെ കൂട്ടിയ ഹോട്ടലുകളുമുണ്ട്.ചിക്കൻ ബിരിയാണിയുടെവിലയും വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്.105 രൂപയുണ്ടായിരുന്ന ഹാഫ്ചിക്കൺബിരിയാണിക്ക് 135രൂപയാക്കിയാണ് ഉയർത്തിയത്. ജി.എസ്.ടിയും എസ്.ജി.എസ്.ടിയും ഉൾപ്പെടെ 142രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. ഹോട്ടലുകളിൽ ചൂടുവെള്ളം കൊടുക്കുന്നതും നിർത്തിവച്ചിരിക്കുകയാണ്. പകരം 20രൂപയുടെ കുപ്പിവെള്ളമാണ് ആഹാരത്തിനൊപ്പം വയ്ക്കുന്നത്. മുട്ടക്കറി, അപ്പം, പുട്ട്, മസാലദോശ,കറിവിഭവങ്ങൾ തുടങ്ങി എല്ലാത്തിനും പൊള്ളുന്നവിലയാണ് പ്രതിസന്ധിയുടെ മറവിൽ ഹോട്ടലുകൾ ഈടാക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അതേസമയം അന്യായമായി വില വർധിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി.ജയപാൽ പ്രതികരിച്ചു. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട രീതിയിലായിരിക്കണം ഹോട്ടലുകൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."