'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ' മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് മരണത്തിന് മുന്‍പ്
സുഹൃത്തിനയച്ച ഓഡിയോ സന്ദേശങ്ങള്‍ പുറത്ത്. നിതിന്റെ കേസില്‍ നിര്‍ണായക വഴിത്തിരിവാവുന്നതാണ് പുതിയ ശബ്ദസന്ദേശങ്ങള്‍. തന്റെ ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് നിതിന്‍ സുഹൃത്തിനോട് പറയുന്നത്. ജീവിതത്തില്‍ നിന്ന് തോറ്റ് പിന്‍മാറുന്നതിന്റെ ഒരു ലക്ഷണവും നിതിന്റെ ശബ്ദ സന്ദേശത്തിലില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഞാന്‍ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ' നിതിന്‍ സുഹൃത്തിനോട് ഉറപ്പിച്ചു പറയുന്നു. പരീക്ഷാ ഹാളില്‍ വെച്ച് തനിക്ക് പിന്തുണ നല്‍കിയ ഒരു അധ്യാപകനെക്കുറിച്ചും നിതിന്‍ തന്റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മാനസിക പ്രയാസങ്ങള്‍ വന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആ അധ്യാപകന്‍ തന്നോട് പറഞ്ഞുവെന്നാണ് നിതിന്‍ സന്ദേശത്തില്‍ വ്യക്തമാക്കിയത്. എന്ത് പ്രതിസന്ധിയുണ്ടായാലും പഠനം ഉപേക്ഷിക്കില്ല എന്ന് നിതിന്‍ ആവര്‍ത്തിക്കുന്നു.
കോളജിനുള്ളിലെ ഭീകരമായ അന്തരീക്ഷം വെളിപെടുത്തുന്ന സന്ദേശങ്ങളും നിതിന്റേതായി പുറത്തു വന്നിരുന്നു. കോളജിലെ സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും, ഗേറ്റിന് പുറത്തിറങ്ങിയാല്‍ കയ്യും കാലും വെട്ടുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതായും അതില്‍ നിതിന്‍ പറയുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായ ഡോ. എസ്.കെ. റാം തന്നെ നിരന്തരം വേട്ടയാടുന്നു. മാര്‍ക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. നിതിന്‍ സുഹൃത്തുക്കളോട് പങ്കുവെക്കുന്നു.
അതിനിടെ, സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലറോട് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എസ്.കെ. റാം, അസോസിയേറ്റ് പ്രഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. ഇവരെ പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവും പൊലിസ് കേസെടുത്തിട്ടുണ്ട്.
നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ നിരന്തരമായ പീഡനമാണ് മരണത്തിന് കാരണമായതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
audio messages of kannur dental college student nithin raj emerge, suggesting determination and exposing alleged harassment by faculty. case takes a crucial turn as investigation progresses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."