ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ
തെഹ്‌റാൻ: അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകൾക്ക് മുമ്പ് യുഎസ്-ഇസ്റാഈൽ നടത്തിയ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്റാഈലും സംയുക്തമായി ഇറാന്റെ പരമാധികാരത്തിന്മേൽ കടന്നുകയറി ആക്രമണങ്ങൾ അഴിച്ചുവിട്ടത്.
ആക്രമണത്തിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വൻതോതിലുള്ള ആഘാതമാണ് നേരിട്ടതെന്ന് ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മൊഹാജറാനി വ്യക്തമാക്കി. യുഎസുമായുള്ള പുതിയ ചർച്ചകൾക്ക് മുന്നോടിയായാണ് ഇറാൻ ഈ വൻതുക ആവശ്യപ്പെട്ടത്.
തകർന്നടിഞ്ഞ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും ഇറാൻ പ്രതികരിച്ചു. റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റിക്ക് നൽകിയ അഭിമുഖത്തിലാണ് മൊഹാജറാനി ഇറാന്റെ സാമ്പത്തിക തകർച്ചയുടെ ഭീകരത വിവരിച്ചത്.
ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങൾ
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന കർശന നിലപാടിലാണ് ഇറാൻ. ജലപാതയുടെ സുരക്ഷയും നിയന്ത്രണവും തങ്ങളുടെ അവകാശമാണെന്നും, അത് അംഗീകരിക്കാത്ത പക്ഷം യുദ്ധത്തിലേക്ക് മടങ്ങുമെന്നും പാർലമെന്റ് വിദേശനയ കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായി മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ, തങ്ങളുടെ വ്യോമപരിധി ഇറാനെതിരായ ആക്രമണങ്ങൾക്ക് വിട്ടുകൊടുത്ത അഞ്ച് പ്രാദേശിക രാജ്യങ്ങൾക്കെതിരെയും ഇറാൻ യുഎന്നിൽ പരാതി നൽകി.
തകർന്നടിഞ്ഞ് അടിസ്ഥാന സൗകര്യങ്ങൾ
ഇറാനിലെ നിർണ്ണായക മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങൾ നടന്നത്. എണ്ണ-വാതക നിലയങ്ങൾ, പെട്രോകെമിക്കൽ കമ്പനികൾ, സ്റ്റീൽ-അലുമിനിയം ഫാക്ടറികൾ എന്നിവ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾ രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. വൈദ്യുത നിലയങ്ങൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, പാലങ്ങൾ, സർവകലാശാലകൾ എന്നിവയും തകർക്കപ്പെട്ടു. സിവിലിയൻ വിമാനങ്ങളിൽ 20 എണ്ണം പൂർണ്ണമായും നശിപ്പിക്കപ്പെടുകയും 60 എണ്ണം പ്രവർത്തനരഹിതമാവുകയും ചെയ്തതായാണ് കണക്ക്.
കൂടാതെ സർവ്വകലാശാലകൾ, സ്കൂളുകൾ, ആശുപത്രികൾ, ശുദ്ധജല പ്ലാന്റുകൾ എന്നിവയ്‌ക്കൊപ്പം ആയിരക്കണക്കിന് വീടുകളും തകർന്നെന്നും മൊഹജെരാനി വ്യക്തമാക്കി. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സാധാരണക്കാരുടെ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ സർക്കാരിന് ശേഷിയില്ലെന്ന് വക്താവ് തുറന്നുസമ്മതിച്ചു.
ഇന്റർനെറ്റ് ഷട്ട്ഡൗൺ; ഇരട്ടി പ്രഹരം
യുദ്ധത്തോടൊപ്പം രാജ്യം ഏഴാമത്തെ ആഴ്ചയും നേരിടുന്ന ഇന്റർനെറ്റ് ഷട്ട്ഡൗൺ ഇറാൻ സമ്പദ്‌വ്യവസ്ഥയെ തളർത്തുകയാണ്. പ്രതിദിനം 80 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുന്നത്. രാജ്യത്തെ 90 ദശലക്ഷം ജനങ്ങൾ ഡിജിറ്റൽ ഇരുട്ടിലാണ്. ചില ബിസിനസ് ഗ്രൂപ്പുകൾക്ക് മാത്രം 'ഇന്റർനെറ്റ് പ്രോ' എന്ന പേരിൽ പരിമിതമായ സൗകര്യം നൽകുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ആണവനിലപാടിൽ വിട്ടുവീഴ്ചയില്ല
ഉപരോധങ്ങളും ഉപരോധത്തെത്തുടർന്നുള്ള വെല്ലുവിളികളും തുടരുമ്പോഴും ആണവ സമ്പുഷ്ടീകരണം പോലുള്ള വിഷയങ്ങളിൽ യുഎസിന് മുന്നിൽ വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. വെടിനിർത്തൽ നീട്ടുന്നത് ശത്രുക്കൾക്ക് ആയുധം ശേഖരിക്കാൻ മാത്രമേ സഹായിക്കൂ എന്ന് ഇറാന്റെ സുരക്ഷാ സമിതി വക്താവ് ഇബ്രാഹിം റെസായി പറഞ്ഞു.
ഇറാനെ പിന്തുണച്ച് റഷ്യ
ഇതിനിടെ, ഇറാന്റെ നിലപാടുകളെ ന്യായീകരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് രംഗത്തെത്തി. അമേരിക്കൻ പ്രകോപനമില്ലായിരുന്നെങ്കിൽ ഹോർമുസ് കടലിടുക്ക് പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ സമ്പുഷ്ടീകരണം സൈനിക ആവശ്യങ്ങൾക്കല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രശ്നപരിഹാരത്തിന് യുഎസ് യാഥാർത്ഥ്യബോധം പുലർത്തണമെന്ന് ആവശ്യപ്പെട്ടു.
വെടിനിർത്തൽ നീട്ടുന്നതിനെതിരെ രാജ്യത്തിനകത്ത് കടുത്ത നിലപാടുള്ള സാഹചര്യത്തിൽ, നഷ്ടപരിഹാര വിഷയത്തിൽ ഉറച്ചുനിൽക്കുന്നത് വരാനിരിക്കുന്ന ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കും.
Iran has reportedly demanded $270 billion in compensation as a prerequisite for any fresh talks, placing significant pressure on the Trump administration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."