തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്
തെഹ്‌റാന്‍: അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍. ഭക്ഷണസാധനങ്ങളുമായി എത്തിയ ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായും നിലവില്‍ അത് ഇമാം ഖുമൈനി തുറമുഖത്തേക്ക് നീങ്ങുകയാണെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഫാര്‍സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടാതെ, അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ള ഒരു സൂപ്പര്‍ ടാങ്കര്‍ ഇന്ന് രാവിലെ ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വഹിക്കാന്‍ കഴിവുള്ള ടാങ്കറാണിത്. അതിന്റെ എ.ഐ.എസ് സംവിധാനം സജീവമായി നിലനിര്‍ത്തി യുഎസ് ഉപരോധങ്ങളെ വെല്ലുവിളിച്ച് യാതൊരു ഇടപെടലും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി സമുദ്ര നാവിഗേഷന്‍ സ്രോതസ്സുകള്‍ പറയുന്നുവെന്നാണ് ഫാര്‍സ് റിപ്പോര്‍ട്ട്.
ഇറാനിയന്‍ തുറമുഖങ്ങളില്‍ പൂര്‍ണ്ണമായ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതായാണ് CENTCOM അവകാശപ്പെടുന്നത്. 'ഒരു കപ്പലിനും ഉപരോധം ലംഘിക്കാന്‍ കഴിഞ്ഞിട്ടില്ല' എന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ വഹിക്കുന്ന ഒരു ബള്‍ക്ക് കാരിയര്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ച് ഇമാം ഖുമൈനി തുറമുഖത്തേക്ക് നീങ്ങുകയാണെന്നാണ് കപ്പല്‍ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത്.
അമേരിക്കന്‍ ഉപരോധത്തോട് ശക്തമായ ഭാഷയില്‍ ഇറാന്‍ പ്രതികരിച്ചിരുന്നു. 8000 കിലോമീറ്ററിലധികം കര-കടല്‍ അതിര്‍ത്തികളുള്ള ഇറാനെ ഇത്തരം ഉപരോധങ്ങള്‍ കൊണ്ട് തളയ്ക്കാനാവില്ലെന്ന് ഇറാന്‍ ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ ഉപരോധം എവിടേയും എത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിയും കയറ്റുമതിയും സുഗമമാക്കുന്നതിന് 'ഫ്രീ സോണുകള്‍' ഉള്‍പ്പെടെയുള്ള ഇതര സംവിധാനങ്ങള്‍ സജീവമാക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗള്‍ഫ് മേഖല, ഒമാന്‍ കടല്‍, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളില്‍ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ സജ്ജമാണെന്നാണ് ഇറാന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. തീരദേശ മേഖലകളില്‍ ഏത് തരം വെല്ലുവിളികളെയും നേരിടാന്‍ സൈന്യം തയ്യാറാണെന്നും സൈനിക വക്താക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ദക്ഷിണ തീരപ്രദേശങ്ങള്‍ വഴിയാണ് ഇറാന്റെ വ്യാപാരത്തിന്റെ വലിയൊരു ഭാഗവും നടക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യം അതീവ പ്രാധാന്യത്തോടെയാണ് ഈ മേഖലയിലെ സുരക്ഷ കൈകാര്യം ചെയ്യുന്നത്.
reports say iranian ships have bypassed us sanctions in the strait of hormuz with a cargo vessel entering the persian gulf raising geopolitical concerns
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."