''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയ വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ്
കോഴിക്കോട്: വടകരയില്‍ ബോംബ് നിര്‍മാണത്തിനിടെ ആര്‍എംപി നേതാവ് ആര്‍ റിജുവിന്റെ കൈപ്പത്തിയറ്റെന്ന് വ്യാജപ്രചരണം. സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍രാജ് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്ത പ്രചരണത്തില്‍ വിശദീകരണവുമായി റിജു രംഗത്തെത്തി. വിഷു ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി വീട്ടില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ചെറിയ അപകടം പറ്റി കൈക്ക് പരിക്കേറ്റതാണെന്ന് റിജു ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.
കെകെ രമയുടെ പിഎക്ക് ബോബ് നിർമാണത്തിനിടെ കൈക്ക് പരിക്കേറ്റെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം. കെകെ രമയുടെ മുൻ പിഎ ആയിരുന്ന റിജു ഇപ്പോൾ ആർഎംപി ജില്ല കമ്മിറ്റി അംഗമാണ്.
‘രാവിലെ മുതൽ എൻറെ പേരിൽ ചില വ്യാജപ്രചാരണം നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സിപിഎം സൈബർ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്ന ആളുകൾ ഒരു വസ്തുതയും ഇല്ലാത്ത വാർത്ത നിരന്തരമായി പ്രചരിപ്പിക്കുകയാണ്. രാവിലെ മുതൽ നിരവധി പേർ വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഇതിൽ ക്ലാരിറ്റി വരുത്താനാണ് ഇപ്പോൾ ലൈവിൽ വരുന്നത്.
ഞാനിപ്പോൾ എന്റെ വീട്ടിലാണുള്ളത്. അച്ഛനും ബന്ധുക്കളും എല്ലാം ഇവിടെ ഉണ്ട്. വിഷുവായതിനാൽ ഇന്നലെ ഞങ്ങൾ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. പടക്കം പൊട്ടിക്കുന്ന സമയത്ത് ചെറിയൊരു അപകടം പറ്റി. എന്റെ കൈക്ക് പരിക്കേറ്റു. ഈ സമയത്ത് വീട്ടിൽ കുട്ടികളും അച്ഛനും ഭാര്യയും ബാക്കിയുള്ള കുടുംബാംഗങ്ങളും ചുറ്റുവട്ടത്തുള്ള ആളുകളും എല്ലാവരും ഉണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടി ഇരുന്ന് പടക്കം പൊട്ടിക്കുന്ന സമയത്ത് നിർഭാഗ്യവശാൽ എന്റെ കയ്യിൽ നിന്ന് അപകടം ഉണ്ടായി. എനിക്ക് കൈക്ക് ചെറിയ പരിക്ക് പറ്റി.
കൈയുടെ രണ്ട് വിരലിനും ഉള്ളം കൈക്കും പരിക്കുണ്ട്. എന്റെ വീടിന്റെ തൊട്ടടുത്തുള്ള വടകര സഹകരണ ആശുപത്രിയിലാണ് ചികിത്സക്ക് പോയത്. ചൂണ്ടുവിരലിനും പിന്നെ നടുവിരലിനുമാണ് പരിക്ക്. നടുവിരലിന് മാംസം ചെറുതായി പോയതിനാൽ തുന്നലുണ്ട്. ഇന്നലെ രാത്രി തന്നെ ചികിത്സ നടത്തി. ഇന്ന് ഉച്ചക്ക് ശേഷം ഡിസ്ചാർജ് ആയി.
അതിന്റെ ഇടയിലാണ് ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റുവെന്ന വ്യാജ പ്രചാരണം നടക്കുന്നത്. ഞാൻ നേരത്തെ കെ.കെ. രമ എംഎൽഎയുടെ പിഎ ആയിരുന്നു. ആർഎംപിയുടെജില്ലാ കമ്മിറ്റി അംഗമാണ്. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് ഞാൻ ഇപ്പോൾ ഗൾഫിലാണ്. കുറച്ചു ദിവസം മുമ്പാണ് ഗൾഫിൽ നിന്ന് തിരിച്ചു വന്നത്. വൈകാതെ തിരിച്ചുപോവുകയും ചെയ്യേണ്ട ആളാണ്. പലസ്ഥലങ്ങളിൽ കഴിയുന്ന കുടുംബാംഗങ്ങളെല്ലാം വിഷുപോലെ ആഘോഷങ്ങൾ വരുമ്പോഴാണ് ഒത്തുചേരുന്നത്.
അതിനിടയിൽ എന്റെ അശ്രദ്ധ കൊണ്ട് നിർഭാഗ്യവശാൽ സംഭവിച്ച ഒരു അപകടമാണ് ഇന്ന് സിപിഎമ്മിന്റെ സൈബർ ഹാൻഡിലുകളും ഉത്തരവാദിത്വപ്പെട്ട ആളുകളും ബോംബ് നിർമ്മാണത്തിനിടെ സംഭവിച്ച അപകടമാണെന്ന് വരുത്തിത്തീർക്കുന്നത്. തെരഞ്ഞെടുപ്പ് റിസൾട്ടിന് തൊട്ടുമുമ്പ് അക്രമം നടത്താൻ വേണ്ടി ചെയ്ത പ്രവർത്തിയുടെ ഭാഗമാണ് എന്നാണ് അവർ പറയുന്നത്. ഒരു വസ്തുതക്കും നിരക്കാത്ത പ്രചരണങ്ങളാണ് നടക്കുന്നത്. നാട്ടിൽ അനാവശ്യമായ സംഘർഷാവസ്ഥ ഉണ്ടാക്കിയെടുക്കുക എന്ന ബോധപൂർവ്വമായ ശ്രമം ഇതിന്റെ പിന്നിലുണ്ട്.
സുഹൃത്തുക്കളും ബന്ധുക്കളും ആയ സിപിഎമ്മിന്റെ ഉത്തരവാദിത്വപ്പെട്ട പലരും എന്നെ ഹോസ്പിറ്റലിൽ വന്ന് കാണുകയും കാര്യങ്ങൾ സൗഹാർദത്തോടുകൂടി മനസ്സിലാക്കി പോവുകയും ചെയ്തതാണ്. ഇവർക്ക് യാഥാർഥ്യം അറിയാം. ഐസിയുവിൽനിന്ന് നിന്ന് വാർഡിലേക്ക് മാറ്റിയ സമയത്ത് ഞങ്ങൾ സംസാരിച്ചതാണ്.
ഇനിയും വ്യാജപ്രചാരണം തുടർന്നാൽ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ടി വരും. വ്യക്തിപരമായി എനിക്ക് പരിചയമുള്ള ആളുകളും ഇത് പ്രചരിപ്പിക്കുന്നുണ്ട്. എന്നെ അറിയുന്ന ആളുകളും ഇത് പ്രചരിപ്പിക്കുന്നുണ്ട്. തെറ്റായ നീക്കത്തിൽ നിന്ന് പിന്നോട്ടു പോകണം എന്ന് അവരോട് അഭ്യർത്ഥിക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."