ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും
ദുബായ്: നഗരത്തിലെ ജനവാസ മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വൻ നവീകരണ പദ്ധതി പൂർത്തിയാക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ദുബൈയിലെ 18 പ്രമുഖ കേന്ദ്രങ്ങളിലായി 13 കിലോമീറ്റർ നീളുന്ന റോഡ് ശൃംഖലയാണ് പുതുതായി സജ്ജമായത്. ഇതോടെ ഈ മേഖലകളിലെ യാത്രാസമയത്തിൽ 40 ശതമാനം വരെ കുറവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ റോഡ് കണക്ഷനുകൾ വരുന്നതോടെ താമസസ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള വാഹന യാത്ര കൂടുതൽ സുഗമമാകും. മുമ്പ് ടാർ ചെയ്യാത്ത റോഡുകൾ നവീകരിച്ചത് വാഹന പ്രവേശനം എളുപ്പമാക്കി. റോഡരികിലെ പാർക്കിംഗ് സൗകര്യങ്ങൾ, നടപ്പാതകൾ, അത്യാധുനിക തെരുവ് വിളക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
അൽ ഖവാനീജ് 1, അൽ ബർഷ സൗത്ത് 1, നാദ് ഷമ്മ, ജുമൈറ 1, സഅബീൽ 1, അൽ റാഷിദിയ, മുഹൈസിന 1 തുടങ്ങിയ 18 പ്രദേശങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഘട്ടം ഘട്ടമായാണ് ആർടിഎ ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഗതാഗത കുരുക്ക് ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നൽകാനും പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് റോഡ്‌സ് ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.
അൽ ഹുദൈബ, അൽ ഖൂസ് 1, ഉമ്മു റമൂൽ, ഉമ്മു സുഖീം 1, അൽ മിസ്ഹാർ 1, അൽ മിസ്ഹാർ 2 എന്നീ മേഖലകളിലെ റോഡുകളും ഈ പദ്ധതിയിലൂടെ നവീകരിച്ചു. റെസിഡൻഷ്യൽ ഏരിയകളിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നത് നഗരത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിക്കുമെന്ന് ആർടിഎ വിലയിരുത്തുന്നു. ദുബൈയിലെ നഗരസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ റോഡ് പദ്ധതി നടപ്പിലാക്കിയത്. ഇതോടെ ഈ പ്രദേശങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും സുഗമമായ ഗതാഗതം സാധ്യമാകും.
dubai’s rta announces new road development projects across 18 residential areas aimed at reducing travel time by 40 percent. the initiative focuses on improving traffic flow, connectivity, and infrastructure, enhancing daily commuting experience for residents across the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."