യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രക്കൂടില്‍ കൂട്ടമാനഭംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 17കാരിയായ കുട്ടിയെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹോളി ദിനത്തില്‍ കുട്ടിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും, പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരെ സെക്ഷന്‍ 70, സെക്ഷന്‍ 108 എന്നിവ പ്രകാരം പൊലിസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലിസിനെതിരെ പ്രതിഷേധം കനക്കുകയാണ്. പൊലിസ് കൂട്ടമാനഭംഗം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും, വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമാജ് വാദി പാര്‍ട്ടി എംഎല്‍എ അനില്‍ പ്രധാന്‍ ആവശ്യപ്പെട്ടു.
അതേസമയം കുടുംബത്തിന്റെ ആരോപണം തള്ളി പൊലിസ് രംഗത്തെത്തി. ഹോളി ദിനത്തില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ബലം പ്രയോഗിച്ച് നിറം തേച്ചതിനെക്കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നതെന്ന് പൊലിസ് ന്യായീകരിച്ചു. അന്ന് നിയമനടപടികള്‍ വേണ്ടെന്ന് കുടുംബം രേഖാമൂലം അറിയിച്ചിരുന്നതായും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പൊലിസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പുതിയ പരാതിയിലാണ് ഇപ്പോള്‍ പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗ വകുപ്പ് ചുമത്തിയിട്ടുള്ളത്. സേനയുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക അന്വേഷണം ആരംഭിച്ചതായും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചിത്രകൂട് എസ്.പി അരുണ്‍ കുമാര്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."