യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി
കൊളംബോ: അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ ജീവനക്കാരെ നാട്ടിലേക്കയച്ച് ശ്രീലങ്ക. ഒരു മാസത്തിലേറെയായി ശ്രീലങ്കയില്‍ കഴിഞ്ഞിരുന്ന ഇവരെ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് പ്രത്യേക വിമാനത്തില്‍ ഇറാനിലേക്ക് കൊണ്ടുപോയത്. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ നാവികര്‍ക്ക് ശ്രീലങ്ക അഭയം നല്‍കിയിരുന്നു.
ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയാണ് അമേരിക്ക തകര്‍ത്തത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ചായിരുന്നു ആക്രമണം. മാര്‍ച്ച് 4ന് ഇന്ത്യ ആതിഥേയത്വം വഹിച്ച സൈനികാഭ്യാസത്തില്‍ പങ്കുചേര്‍ന്ന് മടങ്ങുകയായിരുന്നു ഐറിസ് ദേന. ശ്രീലങ്കന്‍ തീരത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ വെച്ച് അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ ആക്രമണത്തിലാണ് കപ്പല്‍ തകര്‍ന്നുവീണത്. ആക്രമണത്തില്‍ 104 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 84 പേരുടെ മൃതദേഹങ്ങള്‍ നേരത്തെ തന്നെ ഇറാന്‍ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു.
ഐറിസ് ദേനയില്‍ നിന്ന് രക്ഷപ്പെട്ടത് ആകെ 34 പേരാണ്. ഇവരെ കൂടാതെ യന്ത്രത്തകരാര്‍ മൂലം ഇറിന്‍സ് ബുഷെര്‍ എന്ന ഇറാനിയന്‍ കപ്പലിനും ശ്രീലങ്ക അഭയം നല്‍കിയിരുന്നു. ഈ കപ്പലിലുണ്ടായിരുന്ന 206 നാവികര്‍ ഉള്‍പ്പടെ 238 പേരാണ് കഴിഞ്ഞദിവസം ജന്മനാട്ടിലേക്ക് തിരിച്ചതെന്ന് ശ്രീലങ്കന്‍ ഉപപ്രതിരോധ മന്ത്രി അരുണ ജയശേഖര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."