ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ
ഇസ്താംബൂൾ: പശ്ചിമേഷ്യയിൽ ഒന്നടങ്കം ആക്രമണങ്ങൾ അഴിച്ച് വിടുകയും നിരവധി രാജ്യങ്ങളെ ബോധപൂർവം സംഘർഷത്തിലേക്ക് വലിച്ചിറക്കുന്ന ഇസ്റാഈലിന്റെ ക്രൂരതയ്ക്കെതിരെ തുറന്നടിച്ച് തുർക്കി. പശ്ചിമേഷ്യ ഇന്ന് അഭിമുഖീകരിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും ഇസ്റാഈലിന്റെ കിരാത പ്രവൃത്തികളാണെന്ന് തുർക്കി പാർലമെന്റ് സ്പീക്കർ നുഹ്‌മാൻ കുർത്തുൽമുഷ് പറഞ്ഞു.
പലസ്തീൻ തടവുകാർക്ക് വധശിക്ഷ വിധിച്ച ഇസ്റാഈൽ നടപടി സമാനതകളില്ലാത്ത ക്രൂരതയും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് നുഹ്‌മാൻ കുർത്തുൽമുഷ് വ്യക്തമാക്കി. വർണവിവേചനത്തിന്റെ പേരിൽ 1974-ൽ ദക്ഷിണാഫ്രിക്കയെ ഐക്യരാഷ്ട്ര സഭയിൽ (UN) നിന്ന് പുറത്താക്കിയ മാതൃകയിൽ ഇസ്റാഈലിനെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുർക്കിയയുടെ 152-ാമത് ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.
1974-ൽ ദക്ഷിണാഫ്രിക്ക പുറത്താക്കപ്പെട്ടതിന് സമാനമായ വർണവിവേചനമാണ് ഇസ്റാഈൽ ഇപ്പോൾ നടപ്പിലാക്കുന്നത്. ഒരേ രാജ്യത്ത് പലസ്തീനികൾക്ക് ഒരു നിയമവും ഇസ്റാഈലികൾക്ക് മറ്റൊരു നിയമവും എന്നത് അംഗീകരിക്കാനാവില്ല.
ഗസ്സയിലെ ക്രൂരതകളിൽ ഐക്യരാഷ്ട്രസഭ നിഷ്ക്രിയമായി നോക്കിനിൽക്കുകയാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങൾ കേവലം അധികാരവും ശക്തിയുമുള്ളവർക്കൊപ്പം നിൽക്കുന്നവയായി മാറിയിരിക്കുന്നുവെന്നും കുർത്തുൽമുഷ് പറഞ്ഞു. പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേൽ മാത്രം ഇസ്റാഈൽ കടന്നുകയറുകയാണ്. എല്ലാ രാഷ്ട്രങ്ങൾക്കും തുല്യാവകാശമില്ലേ? എന്നും നുഹ്‌മാൻ കുർത്തുൽമുഷ് ചോദിച്ചു.
ഗൾഫ് രാഷ്ട്രങ്ങളും ഇറാനും തമ്മിൽ സംഘർഷാവസ്ഥ നിലനിർത്താൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തിരിച്ചറിയണമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. അതേസമയം, ലെബനനിൽ ഇസ്റാഈൽ ആക്രമണം ശക്തമായി തുടരുകയാണ്.
ജനവാസ മേഖലയായ തെക്കൻ ലെബനനിൽ ഇസ്റാഈൽ വൈറ്റ് ഫോസ്ഫറസ് പോലുള്ള മാരക രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
The Speaker of the Turkish Parliament has called for the expulsion of Israel from the United Nations, drawing a parallel to the historical suspension of South Africa during the apartheid era. He argued that international pressure and similar diplomatic sanctions are necessary due to Israel's ongoing actions and policies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."