'അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് വരെ ഹോര്‍മുസില്‍ നിന്ന് പിന്മാറില്ല- നിലപാട് വ്യക്തമാക്കി ഇറാന്‍
തെഹ്റാന്‍: അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നതുവരെ ഹോര്‍മുസ് കടലിടുക്കില്‍നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി ഇറാന്‍. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സൈനിക ഉപദേഷ്ടാവ് മുഹ്സിന്‍ റസായാണ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
സാമ്പത്തിക-സമുദ്ര മേഖലകളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമെതിരെ തന്ത്രപ്രധാനമായ ഹുര്‍മുസിനെ ഒരു കവചമായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയായ പ്രസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഹ്‌സിന്‍ റസായുടെ പ്രതികരണം.
'അവകാശങ്ങള്‍ പൂര്‍ണ്ണമായി ഉറപ്പാക്കുന്നതുവരെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വിടില്ല. മുന്‍കാല ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, സാമ്പത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കരാറുകള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കണം. നീണ്ടുനില്‍ക്കുന്ന യുദ്ധത്തെ ഭയപ്പെടുന്ന യു.എസിനെ പോലെയല്ല ഇറാന്‍ . ഞങ്ങള്‍ ദീര്‍ഘകാല യുദ്ധത്തിനും പൂര്‍ണ്ണമായും തയ്യാറാണ്. അനുഭവപരിചയമുള്ളവരാണ്' അദ്ദേഹം പറഞ്ഞു.
ഹോര്‍മുസിന്റെ വിഷയത്തില്‍ ഇറാന്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ നിര്‍ബന്ധമായും അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ നാവികശേഷി തകര്‍ത്തുവെന്നാണല്ലോ യു.എസ് അവകാശപ്പെടുന്നത്. പിന്നെ എന്തിനാണ് അവരുടെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഭയപ്പെടുന്നത്?'- അദ്ദേഹം ചോദിച്ചു. നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ സാമ്പത്തിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. മാത്രമല്ല കൂടുതല്‍ ജാഗ്രതയോടെ മാത്രമേ കരാറുകളില്‍ ഒപ്പിടുകയുള്ളൂ- അദ്ദേഹം കൂട്ടിചേര്‍ത്തു.
iran declares it will not withdraw from the strait of hormuz until its rights are safeguarded, signaling escalating tensions in the region amid ongoing geopolitical conflicts and naval threats.
tags:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."