അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച യുവാവിന് ക്രൂരമർദനം; കാറിൽ നിന്ന് എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച യുവാവിനെ അക്രമിസംഘം മർദിച്ച് അവശനാക്കി. തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിൽ അപകടമുണ്ടാക്കിയ കാറിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പൊലിസ് കണ്ടെടുത്തു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന പൊക്കുന്ന് സ്വദേശി മനുവിനെ (24) വെള്ളയിൽ പൊലിസ് അറസ്റ്റ് ചെയ്തു. മനുവിനെ സഹായിക്കാനെത്തിയ സുഹൃത്തുക്കൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
സംഭവം ഇങ്ങനെ
ഏപ്രിൽ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് മനു ഓടിച്ച കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിക്കുന്നത്. പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് എന്ന യുവാവാണ് സ്വന്തം വാഹനത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചത്.
മനു വിവരമറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ, യാതൊരു പ്രകോപനവുമില്ലാതെ പ്രണവിനെ ആക്രമിക്കുകയായിരുന്നു.മനുവിന്റെ സുഹൃത്തുകൾ അപകടത്തിൽ സഹായിച്ച പ്രണവിനെ യാതോരു പ്രകോപനവും കൂടാതെ നെഞ്ചിൽ ചവിട്ടുകയും ചാവി കൊണ്ട് നെറ്റിയിൽ കുത്തകയും ചെയ്തു.മനുവിന്റെ സുഹൃത്തുകളുടെ ആക്രമണത്തിൽ പ്രണവിന് സാരമായി പരിക്കേറ്റു.രക്തം വാർന്ന് പ്രണവ് ബോധരഹിതനായതോടെയാണ് അക്രമികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
ലഹരിവേട്ട
പ്രണവിന്റെ പരാതിയിൽ കേസെടുത്ത പൊലിസ് അപകട സ്ഥലത്തുണ്ടായിരുന്ന കാർ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ
പുറത്തുവന്നത്.കാറിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ, ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബ്, ലഹരിമരുന്ന് അളക്കാനുള്ള ഇലക്ട്രോണിക് ത്രാസ് എന്നിവ പൊലിസ് പിടിച്ചെടുത്തു.ലഹരി കണ്ടെടുത്ത വിവരമറിഞ്ഞതോടെ ആശുപത്രിയിൽ നിന്ന് മുങ്ങിയ മനുവിനെ എലത്തൂരിൽ നിന്നാണ് പൊലിസ് പിടികൂടിയത്.
പ്രതിയുടെ കുറ്റകൃത്യ ചരിത്രം
പിടിയിലായ മനു മുൻപും ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി.ചേവായൂർ പൊലിസ് സ്റ്റേഷനിൽ ലഹരിമരുന്ന് ഉപയോഗത്തിനും,മംഗലാപുരം പൊലിസ് സ്റ്റേഷനിൽ പൊതുസ്ഥലത്തെ മദ്യപാനത്തിനും പ്രതിക്കെതിരെ കേസുണ്ട്.വെള്ളയിൽ ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. സാരമായി പരിക്കേറ്റ പ്രണവ് ചികിത്സയിലാണ്. സഹായിക്കാൻ വന്നവരോട് പോലും ക്രൂരത കാട്ടുന്ന ലഹരിമാഫിയയുടെ ഇടപെടലിൽ നഗരത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."