തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്
മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ വെച്ച് തകർത്തുവിട്ട് പഞ്ചാബ് കിംഗ്സ്. ക്വിന്റൺ ഡി കോക്കിന്റെ സെഞ്ച്വറി മികവിൽ മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 16-ാം ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. പുറത്താകാതെ 80 റൺസ് നേടിയ ഓപ്പണർ പ്രഭ്സിമ്രാൻ സിംഗാണ് പഞ്ചാബിന്റെ വിജയശില്പി.
ബാറ്റിംഗിൽ തിളങ്ങി പ്രഭ്സിമ്രാനും ശ്രേയസും
തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി അല്ലാഹ് ഗസൻഫാർ മുംബൈയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും പ്രഭ്സിമ്രാൻ സിംഗും ശ്രേയസ് അയ്യരും ചേർന്ന് ആ പ്രതീക്ഷകൾ തകർത്തു.വെറും 23 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച പ്രഭ്സിമ്രാൻ, 80 റൺസുമായി അവസാനം വരെ ക്രീസിൽ തുടർന്നു.31 പന്തിൽ 66 റൺസ് നേടിയ നായകൻ ശ്രേയസ് അയ്യർ ടീമിനെ വിജയത്തോടടുപ്പിച്ചാണ് മടങ്ങിയത്. നമാൻ ധീറിന്റെ തകർപ്പൻ ക്യാച്ചിലാണ് അയ്യർ പുറത്തായത്.മാർക്കസ് സ്റ്റോയിനിസ് ബൗണ്ടറി അടിച്ചുകൊണ്ട് പഞ്ചാബിനെ സീസണിലെ നാലാം വിജയത്തിലേക്ക് നയിച്ചു.
ബുംറയ്ക്കും ഹാർദിക്കിനും പിഴച്ചു
മുംബൈയുടെ ബൗളിംഗ് നിര ഇന്നും തീർത്ത് നിരാശപ്പെടുത്തി, സാധാരണ ഗതിയിൽ റൺ വിട്ടുകൊടുക്കാൻ പിശുക്ക് കാണിക്കാറുള്ള ജസ്പ്രീത് ബുംറ തന്റെ മൂന്നാം ഓവറിൽ 16 റൺസ് വിട്ടുകൊടുത്തു.നായകൻ ഹാർദിക് പാണ്ഡ്യ മൂന്ന് ഓവറിൽ റൺസ് വാരിക്കോരി നൽകി.സ്പിന്നർ അല്ലാഹ് ഗസൻഫാർ 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും മഞ്ഞുവീഴ്ച കാരണം പന്ത് ഗ്രിപ്പ് ചെയ്യാൻ പ്രയാസപ്പെട്ടത് തിരിച്ചടിയായി. ദീപക് ചാഹർ രണ്ട് ഓവറിൽ 35 റൺസ് വഴങ്ങി.
നേരത്തെ, ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് (60 പന്തിൽ 112*) മുംബൈയെ 195 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. നമാൻ ധീർ (50) മികച്ച പിന്തുണ നൽകി. പഞ്ചാബിനായി അർഷ്ദീപ് സിംഗ് 3 വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."