വനിതാ സംവരണ ബില്ല്: ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ്; മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് പ്രതിപക്ഷം
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകുന്നേരം നാല് മണിയോടെയാണ് നടപടികൾ ആരംഭിക്കുക. ഭരണഘടനാ ഭേദഗതിയായതിനാൽ ബിൽ പാസ്സാകാൻ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം അത്യാവശ്യമാണ്. നിലവിൽ 293 അംഗങ്ങളുള്ള ഭരണകക്ഷിയായ എൻ.ഡി.എയ്ക്ക് ബിൽ പാസ്സാക്കിയെടുക്കാൻ 67 എം.പിമാരുടെ പിന്തുണ കൂടി അധികമായി വേണ്ടിവരും.
ബില്ലിന്മേലുള്ള ചർച്ചകൾ പുലർച്ചെ ഒരു മണി വരെ നീണ്ടുനിന്നു. വനിതാ സംവരണം നടപ്പിലാക്കുന്നതിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. ഇത് വളഞ്ഞ വഴിയിലൂടെ ഭരണം നിലനിർത്താനുള്ള ബിജെപി തന്ത്രമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ചർച്ചകൾക്കായി സ്പീക്കർ ഓം ബിർള 12 മണിക്കൂറാണ് അനുവദിച്ചിരുന്നതെങ്കിലും, സഭയിലെ വാദപ്രതിവാദങ്ങൾ കണക്കിലെടുത്ത് സമയം നീട്ടി നൽകുകയായിരുന്നു.
നേരത്തെ, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിച്ച ശേഷം സംവരണം നടപ്പിലാക്കാനുള്ള മൂന്ന് ബില്ലുകൾ സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ സഭയിലുണ്ടായിരുന്ന 436 അംഗങ്ങളിൽ 251 പേർ മാത്രമാണ് ഇതിനെ അനുകൂലിച്ചത്. ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തത് സർക്കാരിന് ആദ്യഘട്ടത്തിൽ തിരിച്ചടിയായി.
ഇതിനെ മറികടക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ മണ്ഡലങ്ങളിൽ 50 ശതമാനം വർദ്ധനവ് നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശവും പ്രതിപക്ഷം തള്ളി.
നിലവിലുള്ള 543 സീറ്റുകളിൽ തന്നെ 33 ശതമാനം സംവരണം അനുവദിക്കണമെന്ന് കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, മനീഷ് തിവാരി എന്നിവർ ആവശ്യപ്പെട്ടു. നിലവിലെ ഘടനയിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.
ജാതി സെൻസസ് പൂർത്തിയാക്കി മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കും സംവരണത്തിനുള്ളിൽ ഉപസംവരണം നൽകണമെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്. ബില്ലിനെ എതിർക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ബില്ലിലൂടെ ഒരു വിവേചനവും നടത്തുന്നില്ലെന്നും എല്ലാവർക്കും തുല്യനീതിയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ മണ്ഡല പുനർനിർണ്ണയം എന്ന പ്രധാന വിഷയം പരാമർശിക്കാതെ പ്രധാനമന്ത്രി നാടകം കളിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പരിഹസിച്ചു.
ബിൽ അവതരണത്തിന് സഭയുടെ അനുമതി വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് അസദുദ്ദീൻ ഉവൈസിയാണ്. തുടർന്ന് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാട്ടി അമിത് ഷാ ബിൽ അവതരണത്തിന് അനുമതി നേടിയെടുക്കുകയായിരുന്നു. ഇന്നത്തെ വോട്ടെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ നിർണ്ണായകമാകും.
The Lok Sabha is set to vote today on a crucial Constitutional Amendment Bill to implement 33% women’s reservation. While the government aims to increase the total number of Lok Sabha seats to 850 through a new delimitation exercise to accommodate this quota, the Opposition has raised strong objections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."