ഗതാഗത നിയമലംഘനം: അംനസ്റ്റി സ്കീം വഴി പിഴയടയ്ക്കാനുള്ള അവസരം ഇനി ഏതാനും ദിവസങ്ങൾ മാത്രം
കോഴിക്കോട്/കൊച്ചി: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴത്തുക പകുതിയായി കുറച്ച് തീർപ്പാക്കാനുള്ള അവസരം അവസാനിക്കുന്നു. മോട്ടോർ വാഹന വകുപ്പും കേരള പൊലിസും നടപ്പിലാക്കുന്ന 'അംനസ്റ്റി സ്കീം' ഏപ്രിൽ 30-ന് അവസാനിക്കും.
2024 ഡിസംബർ 31-ന് മുൻപ് റജിസ്റ്റർ ചെയ്ത ചെല്ലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുടിശ്ശികയുള്ള പിഴത്തുകയുടെ 50 ശതമാനം അടച്ച് കേസുകൾ ഒഴിവാക്കാം. വാഹന ഉടമകൾക്ക് services.mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകി പിഴയൊടുക്കാവുന്നതാണ്.
കൊച്ചിയിൽ പരിശോധന കർശനം
നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കൊച്ചി സിറ്റി പൊലീസ് പരിശോധന ശക്തമാക്കി. ഈ മാസം ഇതുവരെ വിവിധ നിയമലംഘനങ്ങളിലായി 9,300 പെറ്റി കേസുകളാണ് രജിസ്റ്റർ ചെയ്തത്.
എം.ജി റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യൂ തുടങ്ങി തിരക്കേറിയ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 4,853 കേസുകൾ എടുത്തു. കാൽനടയാത്രക്കാർക്ക് തടസ്സമായി നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്തതിന് 2,878 കേസുകൾ രജിസ്റ്റർ ചെയ്തു. ജങ്ഷനുകളിൽ സീബ്ര ലൈൻ മര്യാദകൾ പാലിക്കാത്തതിന് 1,569 കേസുകൾ ചുമത്തി.
നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളിലും വിദ്യാലയ പരിസരങ്ങളിലും പ്രത്യേക സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും എന്ന് സിറ്റി പൊലിസ് കമ്മിഷണർ വ്യക്തമാക്കി. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
The Kerala Motor Vehicle Department and Police are offering a final opportunity to settle pending traffic fines at a 50% discount through the Amnesty Scheme, which ends on April 30. This applies to all challans issued before December 31, 2024.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."