'സൈറൺ കേട്ടിട്ടും മാറാത്തതെന്ത്?'; 5 പേരെ ഥാർ ഇടിച്ച് തെറിപ്പിച്ച് ബിജെപി എംഎൽഎയുടെ മകൻ, പിന്നാലെ ഭീഷണി
ഭോപാൽ: മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ മകൻ ഓടിച്ച ഥാർ എസ്‌യുവി അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു. ശിവ്പുരി ജില്ലയിലെ കരേരയിൽ വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിയാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം അവരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇയാൾ ചെയ്തത്.
അമിതവേഗതയിൽ പാഞ്ഞെത്തിയ 'എംഎൽഎ' വാഹനം
രാവിലെ 7:30-ഓടെ ജോലിക്കായി ബൈക്കിൽ പോകുകയായിരുന്ന മൂന്ന് യുവാക്കളെയും നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളെയുമാണ് ദിനേഷ് ലോധി ഇടിച്ചുതെറിപ്പിച്ചത്. എംഎൽഎയുടെ മകൻ ഓടിച്ചിരുന്ന കറുത്ത ഥാർ എസ്‌യുവിയുടെ മുന്നിലും പിന്നിലും 'പ്രീതം ലോധി', 'എംഎൽഎ' എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരുന്നു.
ബൈക്ക് യാത്രക്കാരായ സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ എന്നിവർക്കും കാൽനടയാത്രക്കാരായ സീതാ വർമ്മ, പൂജ സോണി എന്നിവർക്കുമാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇവർക്ക് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായ പരിക്കുണ്ട്.പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
'എന്തുകൊണ്ട് റോഡിൽ നിന്ന് മാറിയില്ല?'
അപകടത്തിന് പിന്നാലെ വാഹനത്തിൽ നിന്നിറങ്ങിയ ദിനേഷ് ലോധി പരിക്കേറ്റവരോട് ക്രൂരമായാണ് പെരുമാറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. "ഞാൻ സൈറൺ മുഴക്കിയിട്ടും നിങ്ങൾ എന്തുകൊണ്ട് റോഡിൽ നിന്ന് മാറിയില്ല?" എന്നായിരുന്നു ഇയാളുടെ ചോദ്യം. സംഭവത്തിന്റെ വീഡിയോ പകർത്തിയ നാട്ടുകാരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന് എംഎൽഎ
സംഭവം വിവാദമായതോടെ പ്രതികരണവുമായി എംഎൽഎ പ്രീതം ലോധി രംഗത്തെത്തി. തനിക്ക് കുടുംബത്തേക്കാൾ വലുത് പൊതുജനമാണെന്നും മകനായാലും നിയമത്തിന് മുന്നിൽ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. "നിയമം അതിന്റെ വഴിക്ക് പോകട്ടെ, ഇരകൾക്ക് നീതി ലഭിക്കണം" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ കരേര പൊലിസ് ദിനേഷ് ലോധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭരണകക്ഷി എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഭവമായതിനാൽ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."